രാജാക്കാട്: 'പായലേ വിട... പൂപ്പലേ വിട...' എന്ന് കേൾക്കുമ്പോൾ വീടുകളിലെയും മറ്റും പായലും പൂപ്പലും ഇല്ലാതാക്കി മോടിപിടിപ്പിക്കാനെത്തുന്ന പെയിന്റർമാരെയാണ് ഓർമ്മ വരിക. എന്നാൽ വീടുകളും കെട്ടിടങ്ങളും മനോഹര വർണങ്ങൾകൊണ്ട് ആകർഷകമാക്കുന്ന ഇവരുടെ ജീവിതത്തിന്റെ നിറം ഓരോ നിമിഷവും മങ്ങുകയാണെന്ന് അധിമാരും തിരിച്ചറിയുന്നില്ല. പലരും രാസപദാർത്ഥങ്ങളുമായുള്ള നിരന്തരമായ സമ്പർക്കം മൂലം പലവിധ രോഗങ്ങൾക്കും അടിമകളാണ്. മറ്റുപലരും കെട്ടിടങ്ങളിൽ നിന്ന് വീണ് പരിക്കേറ്റ് എഴുന്നേൽക്കാൻ പോലുമാകാത്ത സ്ഥിതിയിലാണ്.
അപകടകാരികളായ രാസവസ്തുക്കൾ
നിരവധി രാസ ജൈവ സംയുക്തങ്ങളാണ് പെയിന്റ്, ഇനാമൽ, എമൽഷൻ, പുട്ടി, വാർണിഷ് തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്നത്. വെള്ളത്തിൽ ലയിക്കാത്ത കൊഴുപ്പുകൾ, എണ്ണ, ലിപ്പിഡുകൾ, സെല്ലുലോയ്ഡ് ഉത്പന്നങ്ങൾ, മെഴുക്, പ്ലാസ്റ്റിക്, ലായകങ്ങൾ, പിഗ്മന്റുകൾ, സിലിക്ക, ആസ്ബസ്റ്റോസ് തുടങ്ങിയവ അടങ്ങിയ വസ്തുക്കളാണ് ഇവർ നിരന്തരം കൈകാര്യം ചെയ്യുന്നത്. ഇനാമൽ, പശ, കോട്ടിംഗ് സംയുക്തങ്ങൾ, ഡീ ഗ്രീംഗ് ഏജന്റുകൾ തുടങ്ങിയവയും ഇക്കൂട്ടത്തിലുണ്ട്.
അനുദിനം രോഗികളായി മാറുന്നു
സ്ഥിരം ജോലിക്കാരിൽ ഗന്ധവും നിറങ്ങളും തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടൽ, അസ്വസ്ഥത, മാനസിക സംഘർഷം, മടി, അലസത, ലൈംഗിക താത്പര്യക്കുറവ്, ശ്വാസകോശ രോഗങ്ങൾ തുടങ്ങി കാൻസർ വരെ പിടിപെടുന്നതായി ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുട്ടി, സിമന്റ് തുടങ്ങിയവയുടെ പൊടി ശ്വസിക്കുന്നത് ആസ്ത്മ പോലുള്ള ശ്വസന സംബന്ധമായ രോഗങ്ങൾക്കും കാരണമാകുന്നു. പലരും ഉദര രോഗങ്ങൾ, കഴുത്തിനും നടുവിനുമുള്ള വേദന തുടങ്ങിയവയുടെ പിടിയിലാണ്. ചില പോളിഷുകൾ അടിക്കുമ്പോൾ തൊഴിലാളികൾ തലക്കറങ്ങി വീഴുന്നത് പതിവാണ്. ശ്വാസം മുട്ടലും ചുമയുമില്ലാത്ത പെയിന്റർമാർ വളരെ കുറവാണ്.
സുരക്ഷാ സംവിധാനങ്ങൾ അന്യം
ഉയർന്ന കെട്ടിടങ്ങളിൽ പണിയെടുക്കുന്നതിനിടെ നിരവധിപ്പേരാണ് താഴെ വീണ് നട്ടെല്ലിന് ഉൾപ്പെടെ പരിക്കേറ്റ് കഴിയുന്നത്. ഇവരിൽ പലർക്കും പരസഹായം കൂടാതെ എഴുന്നേറ്റിരിക്കുവാൻ പോലും കഴിയാത്ത സ്ഥിതിയുണ്ട്. അരയിൽ ബന്ധിക്കുന്ന കയറോ, കയറേണിയോ മാത്രമാണ് ആകെയുള്ള സുരക്ഷാ സംവിധാനം. ഇതുപോലും പലപ്പോഴും ലഭിക്കാറില്ലെന്ന് തൊഴിലാളികൾ പറയുന്നു.
ഇയാംപാറ്റകളെപ്പോലെ പണിയെടുക്കുന്നവർ
പെയിന്റ് ക്യാനുകളിൽ സമ്മാന കൂപ്പണുകൾ നിക്ഷേപിച്ച് മിക്ക കമ്പനികളും പെയിന്റർമാരെ ആകർഷിക്കുകയും ഇതുവഴി വിൽപ്പന വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇവരൊന്നും മാസ്‌ക്കുകളോ ഗ്ലൗസുകളോ സൗജന്യമായി നൽകാറില്ല. രോഗങ്ങൾക്ക് അടിപ്പെടുന്ന തൊഴിലാളികൾ ഒരു ഘട്ടം കഴിയുമ്പോൾ മാറാരോഗികളായി മാറുകയും തൊഴിലെടുക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തുകയുമാണ്. അന്യസംസ്ഥാനക്കാരായ പെയിന്റർമാർ ധാരാളമായി ഇവിടേയ്ക്ക് കടന്നുവരുന്നുണ്ട്.
''അസംഘടിതരായ തൊഴിലാളികളെ ഒരുമിപ്പിക്കുന്നതിനും പ്രശ്‌നങ്ങൾ പഠിച്ച് അധികൃതരുടെ മുന്നിൽ അവതരിപ്പിക്കുന്നതിനുമായി ജില്ലയിൽ രൂപീകരിച്ചിട്ടുള്ള ഏക സംഘടനയായ 'പെയിന്റിംഗ് തൊഴിലാളി യൂണിയൻ' ഈ രംഗത്ത് സജീവമായ ഇടപെടലാണ് നടത്തുന്നത്. ആയിരത്തോളം അംഗങ്ങളാണ് ഇതിലുള്ളത്. സംഘടന മുഖാന്തിരം തൊഴിലാളി ക്ഷേമനിധിക്ക്
അംഗീകാരം ലഭിട്ടുണ്ട്. ജോലിയും കൂലിയും ഉറപ്പുവരുത്തുന്നത് ഉൾപ്പെടെയുള്ള അവകാശ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിവരുകയാണ്.''
-കെ.പി. സുബീഷ് (ജില്ലാ ജനറൽ സെക്രട്ടറി)