മുട്ടം: മലങ്കര ടൂറിസം പദ്ധതിയുടെ ഭാഗമായ എൻട്രൻസ് പ്ളാസയുടെ നിർമ്മാണം നടക്കുന്നത് ഒച്ചിഴയും വേഗത്തിൽ. സർക്കാരിന്റെ അംഗീകൃത ഏജൻസിയായ ഹാബിറ്റാറ്റിനാണ് നിർമാണ ചുമതല. മൂന്ന് കോടി രൂപയാണ് ഫണ്ട്. കരാർ പ്രകാരം ഹാബിറ്റാറ്റ് എൻട്രൻസ് പ്ളാസയുടെ നിർമ്മാണം പൂർത്തീകരിച്ച് സംസ്ഥാന ടൂറിസം വകുപ്പിന് തിരികെ നൽകാനുള്ള കരാർ സമയം ഒരു വർഷം മുമ്പ് അവസാനിച്ചതാണ്. തുടർന്ന് മുട്ടം എം.വി.ഐ.പി അധികൃതർ ഹാബിറ്റാറ്റിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. എന്നാൽ ഇതുവരെ എൻട്രൻസ് പ്ളാസയുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടില്ല. മുട്ടം, മലങ്കര പ്രദേശങ്ങളുടെ മുഖച്ഛായ മാറുകയും നിരവധിപ്പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്യുന്ന പദ്ധതിയുടെ നിർമ്മാണം ഉടൻ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കണമെന്നാണ് ജനത്തിന്റെ ആവശ്യം. നിർമാണം ഇഴഞ്ഞ് നീങ്ങുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഇക്കാര്യം ആലോചിക്കുന്നതിന് വിവിധ സംഘടനാ നേതാക്കളുടെ യോഗം 24ന് വൈകിട്ട് അഞ്ചിന് മുട്ടം വ്യാപാര ഹാളിൽ ചേരും.

 മലങ്കര പദ്ധതിയുടെ ആകെ ഫണ്ട്- 100 കോടി

ഫണ്ടുണ്ട്,​ എന്നിട്ടും മന്ദഗതിയിൽ

മലങ്കര ടൂറിസം പദ്ധതിക്കായി ടൂറിസം വകുപ്പ് ആദ്യം നാല് കോടിയും പിന്നീട് 26 കോടി രൂപയും വക കൊള്ളിച്ചിരുന്നു. ഇതുകൂടാതെ കേന്ദ്ര ടൂറിസം മന്ത്രാലയവും സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായി നൂറ് കോടി രൂപയുടെ വികസന പദ്ധതിയും അടുത്ത നാളിൽ പ്രഖ്യാപിച്ചു. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി പരാതികളും നിവേദനങ്ങളും പ്രദേശ വാസികൾ നൽകിയതിനെ തുടർന്ന് അങ്ങിങ്ങ് ചില അനക്കങ്ങൾ ഉണ്ടായെങ്കിലും അതും മന്ദഗതിയിലാണ്.

സജ്ജമാക്കുന്നത് ദുബായ് മോ‌ഡൽ

സംസ്ഥാനത്തെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ദുബായ് മോഡലിലുള്ള എൻട്രൻസ് പ്ളാസയാണ് മലങ്കരയിൽ ഒരുക്കുന്നത്.

 400 പേർക്ക് ഇരിക്കാവുന്ന മിനി ആഡിറ്റോറിയം

 കരകൗശല വസ്തുക്കൾ വാങ്ങാനും വിൽക്കാനുമുള്ള സൗകര്യം

 ആധുനിക ശൗചാലയം,​ സ്നാക്സ് ആന്റ് കോഫി ബൂത്ത്

 ടിക്കറ്റ് കൗണ്ടർ, മ്യൂസിയം, ഇൻഫർമേഷൻ സെൽ