ചെറുതോണി: ജില്ലാ ആസ്ഥാന മേഖലയിൽ നിരവധി പ്രദേശങ്ങളിലായി വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നു. ചെറുതോണി ആലിൻ ചുവടിൽ ക്ഷേത്രത്തിന് സമീപം മൂന്ന് മാസം മുമ്പ് പൊട്ടിയ പൈപ്പ് ഇനിയും നന്നാക്കിയിട്ടില്ല. ഗാന്ധിനഗർ വാഴത്തോപ്പ് മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുമ്പോഴും ഈ പ്രശ്നത്തിൽ പരാതി നൽകിയിട്ട് കൂടി പരിഹാരമുണ്ടാക്കാൻ നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. സെക്കൻഡിൽ കുറഞ്ഞത് അയ്യായിരം ലിറ്റർ വെള്ളം ഇത്തരത്തിൽ ജില്ലാ ആസ്ഥാന മേഖലയിൽ പല സ്ഥലങ്ങളിലായി പാഴാകുന്നുണ്ട്. റോഡിലൂടെ ഒഴുകുന്ന വെള്ളം റോഡുകൾ വേഗത്തിൽ നശിക്കാനും കാരണമാവുകയാണ്. ചെളിയായി മാറിയ റോഡിലൂടെ കാൽ നടയാത്ര പോലും സാധ്യമല്ലാതായിരിക്കുകയാണ്. പൈനാവ്, താന്നികണ്ടം, തടിയമ്പാട് ചെറുതോണി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പൈപ്പുകൾ പൊട്ടിവെള്ളം പാഴാകുന്നുണ്ട്. മഴ കുറവ് മൂലം വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് വാട്ടർ അതോറിട്ടിയുടെ അനാസ്ഥ മൂലം ഇടുക്കി ജലാശയത്തിലെ ജലം പാഴാകുന്നത്.