ഇടുക്കി: കേരളാ കോൺഗ്രസ് (എം) ഭരണഘടന പ്രകാരം ചെയർമാന്റെ എല്ലാ അധികാരങ്ങളും വിനിയോഗിക്കുന്നത് താനാണെന്നും പാർട്ടി വിട്ടുപോയവർക്ക് ഇനിയും തിരിച്ചുവരാൻ അവസരമുണ്ടെന്നും ചെയർമാന്റെ ചുമതല വഹിക്കുന്ന വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമാന്തര പാർട്ടി സമ്മേളനം വിളിച്ചു ചേർത്ത് ചെയർമാനെയും ഭാരവാഹികളെയും തിരഞ്ഞെടുത്തത് നിയമവിരുദ്ധമായാണ്. ഇത്തരം കമ്മിറ്റികളിൽ പങ്കെടുക്കുന്നവർ പാർട്ടിയിൽ നിന്ന് സ്വമേധയ പുറത്തു പോകുന്നതിന് തുല്യമാണ്. പാർട്ടി ജനപ്രതിനിധികൾക്കും ഇതു ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോയി എബ്രാഹം മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, വനിത കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ ഷീല സ്റ്റീഫൻ, അഡ്വ. ജോസഫ് ജോൺ, അഡ്വ. തോമസ് പെരുമന, രാജു തോമസ്, സിനു വാലുമ്മേൽ, ടി.ജെ. ജേക്കബ്ബ്, എം.ജെ. കുര്യൻ, തമ്പി മാനുങ്കൽ, ഫിലിപ്പ് മലയാറ്റ്, അഡ്വ. ജോസി ജേക്കബ്ബ്, സാബു പരപരാകത്ത്, കെ.എ. പരീത് എന്നിവർ പ്രസംഗിച്ചു.