mani
ശാന്തമ്പാറ സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിക്കുന്നു

രാജാക്കാട്: കള്ളപ്പണത്തിന്റെ പേരിലും നോട്ട് നിരോധനംകൊണ്ടും സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്നും എന്നാൽ സംസ്ഥാന സർക്കാർ സഹകരിച്ച് ഈ മേഖലയെ രക്ഷിക്കുകയായിരുന്നെന്നും മന്ത്രി എം.എം. മണി പറഞ്ഞു. ശാന്തമ്പാറ സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച വിവിധ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂപ്പാറ ടൗൺ ബ്രാഞ്ച്, ഈസ്റ്റ് മൂന്നാർ റിസോർട്ട്, നീതി മെഡിക്കൽ സ്റ്റോർ, മെഡിക്കൽ ലാബ് എന്നിവയാണ് സർവീസ് സഹകരണ ബാങ്ക് പൂപ്പാറ ടൗണിൽ ആരംഭിച്ചിരിക്കുന്നത്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പവൻതായിയുടെ കുടുംബത്തിനായി കെയർ ഹോം പദ്ധതി പ്രകാരം നിർമ്മിച്ച വീടിന്റെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു. എം.ജി സർവകലാശാലയിൽ നിന്ന് റാങ്ക് ലഭിച്ചവരെയും, ബാങ്ക് അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. ബാങ്ക് പ്രസിഡന്റ് ശാന്ത ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ സേനാപതി ശശി സ്വാഗതം ആശംസിച്ചു. സെക്രട്ടറി കെ.ജെ. ടോമിച്ചൻ റിപ്പോർട്ട് അവതരിപ്പിച്ചു. വനം വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം പി.എൻ. വിജയൻ, പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ്, പി.ടി. മുരുകൻ, വി.എൻ. മോഹനൻ, എൻ.പി. സുനിൽകുമാർ, കെ.പി. മാത്യു, കെ.സി. ആലീസ്, കെ.ജെ. ടോമിച്ചൻ, പി. പാൽരാജ് എന്നിവർ പങ്കെടുത്തു.