തൊടുപുഴ : വെങ്ങല്ലൂർ സമന്വയ സമിതിയുടെ രാമായണ മാസാചരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. ഓരോ ദിവസവും ഓരോ വീടുകൾ കേന്ദ്രീകരിച്ചാണ് പാരായണവും സത്സംഗവും നടക്കുന്നത്. എല്ലാ വീടുകളിലും ആദ്യ അര മണിക്കൂർ ഭജനയും ഒരു മണിക്കൂർ രാമായണ പാരായണവും,​ പരായണശേഷം അന്നന്നു വായിക്കുന്ന ഭാഗത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണവും നടക്കും. തുർന്ന് 108 ശ്രീരാമ മന്ത്രങ്ങൾ ഉരുവിട്ടുള്ള അർച്ചനയും നടക്കും. കൂടാതെ പാരായണം നടത്തുന്ന എല്ലാ വീടുകളിലും പ്രസാദമായി ഒരു ഔഷധ സസ്യത്തിന്റെ തൈയും നൽകും. ഭക്തിയോടും വിശ്വാസത്തോടുമൊപ്പം പ്രകൃതിയെ സംരക്ഷിക്കുക എന്ന ബോധം ആളുകളിൽ വളർത്തുന്നതിനുമാണ് വൃക്ഷതൈകൾ വിതരണം ചെയ്യുന്നത്. രാമായണ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30 ന് വെങ്ങല്ലൂർ ഷാപ്പുംപടിയിൽ കൃഷ്ണവിലാസം മനോജിന്റെ വീട്ടിൽ നടക്കും. റിട്ട. മേജർ ഡോ. ആർ ലാൽ കൃഷ്ണ ഉദ്ഘാടനം ചെയ്യും. തപസ്യ കോട്ടയം മേഖലാ സെക്രട്ടറി വി.കെ. ബിജു, ആർ.എസ്.എസ് ഇടുക്കി വിഭാഗ് കാര്യവാഹ് പി.ആർ. ഹരിദാസ്, താലൂക്ക് സംഘചാലക് എം. എ. മണി, സമന്വയ സമിതി കൺവീനർ പി.എസ്. കാർത്തികേയൻ, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി സനൽ പുരുഷോത്തമൻ എന്നിവർ സംസാരിക്കും. സമന്വയ സമിതി ഭാരവാഹികളായ കെ.കെ. രാജു, വി.എൻ പങ്കജാക്ഷൻ, സി.കെ. തങ്കപ്പൻ, രാമചന്ദ്രൻ, സദാശിവൻ, വിശ്വനാഥൻ തുടങ്ങിയവർ സത്സംഗത്തിനും പാരായണത്തിനും നേതൃത്വം നൽകും.