തൊടുപുഴ: കേരളത്തിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകളും മലയിടിച്ചിലും പ്രളയവും പോലുള്ള പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചിട്ടുള്ള ജില്ലയായ ഇടുക്കിയിൽ ഡിസാസ്റ്റർ മാനേജ്‌മെന്റിന് മാത്രമായി ഒരു ഡപ്യൂട്ടി കളക്ടറെ അനുവദിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ആൾനാശത്തിനും കോടി ക്കണക്കിനു രൂപയുടെ സ്വത്തിനും കൃഷിനാശത്തിനും കാരണം യാതൊരു വ്യക്തതയും ആസൂത്രണവുമില്ലാത്ത ഡിസാസ്റ്റർ മാനേജ്‌മെന്റ് ആണ്. പ്രകൃതി ദുരന്തങ്ങൾ കുറവുള്ള മറ്റു ജില്ലകളിൽ ഡിസാസ്റ്റർ മാനേജ്‌മെന്റിന് മാത്രമായി ഒരു ഡപ്യൂട്ടി കളക്ടർക്ക് ചുമതലയുണ്ട്. മുല്ലപ്പെരിയാർ അടക്കം ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ള ഇടുക്കിയിൽ ഒരു ഡെപ്യൂട്ടി കളക്ടർക്ക് പ്രത്യേകം തസ്തിക അനുവദിച്ച് ഒരു ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം അടിയന്തരമായി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും ചിഫ് സെക്രട്ടറിക്കും റവന്യു സെക്രട്ടറിക്കും കത്തു നല്കി.