child-abuse-

മറയൂർ: ഹോസ്റ്റലിൽ വാർഡൻ മാനസികമായി പീഡിപ്പിച്ചതിനാൽ പത്താം ക്ലാസുകാരൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹോസ്റ്റൽ മുറിയിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിയെ മറയൂർ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പാണ് ഹോസ്റ്റലിൽ കുട്ടി വിഷം കഴിച്ചത്. അടിമാലി ആശുപത്രിയിൽ നിന്ന് ഇന്റിമേഷൻ ലഭിച്ച മറയൂർ പൊലീസ് കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റൽ വാർഡന്റെ പേരിൽ ജുവനൈൽ ആക്ട് 75 അനുസരിച്ച് കേസെടുത്തു.

ഹോസ്റ്റൽ വാർഡൻ കഴിഞ്ഞ കുറെ ദിവസങ്ങളായി മാനസികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ പരാതി. ബന്ധുവിന്റെ ചടങ്ങിൽ പങ്കെടുക്കാൻ വീട്ടിലേക്ക് വിടാതെ വന്നതിനാലാണ് കുട്ടി വിഷം കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കുട്ടിയുടെ അച്ഛൻ കുട്ടിയെ വീട്ടിലേക്ക് വിടേണ്ടെന്ന് ഫോണിലൂടെ വിളിച്ചു പറഞ്ഞതിനാലാണ് അയക്കാതിരുന്നതെന്ന് ഹോസ്റ്റൽ അധികൃതർ പറയുന്നു. കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിച്ചു. മൂന്നാർ ചൈൽഡ് ലൈനും മനുഷ്യാവകാശ കമ്മിഷനും മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.