ഇടുക്കി: ആദിവാസികൾക്ക് വിതരണം ചെയ്യുന്നതിനായി മാറ്റിവെച്ച പെരിഞ്ചാംകുട്ടിയിലെ റവന്യൂ ഭൂമിയിൽ നിന്ന് വനംവകുപ്പ് ഒഴിഞ്ഞുപോകണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. ഭൂമി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെരിഞ്ചാംകുട്ടിയിലേക്ക് ആദിവാസികൾ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസികൾ നടത്തിയ ദീർഘകാലത്തെ പോരാട്ടങ്ങൾക്ക് ഒടുവിലാണ് 2018 മാർച്ച് മാസത്തിൽ 158 ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി വീതം വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിറക്കിയത്. ഭൂമിയിന്മേലുള്ള വനം വകുപ്പിന്റെ എല്ലാ അവകാശ വാദങ്ങളും പൊള്ളയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ തീരുമാനം. ഉത്തരവിറക്കി ഒന്നര വർഷം പിന്നിട്ടിട്ടും ഭൂമി വിതരണം നടന്നിട്ടില്ലെന്നും വനംവകുപ്പ് ഉന്നയിക്കുന്ന തടസവാദങ്ങളാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പിന്റേത് ഒരു തരം ഗുണ്ടായിസമാണ്. സർക്കാർ ഉത്തരവുകളെ വെല്ലുവിളിക്കുന്ന വനംവകുപ്പിന്റെ മേലാളന്മാരെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് കഴിയണം. വനംവകുപ്പ് സ്വീകരിക്കുന്നത് ജനദ്രോഹപരമായ സമീപനമാണ്. ഇത്തരം സമീപനങ്ങൾക്കെതിരെ വീണ്ടും നിരന്തരമായ സമരത്തിന് ആദിവാസികൾ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. ഈ ഉത്തരവാദിത്തം ഗവൺമെന്റ് നിർവഹിക്കണമെന്ന് ശിവരാമൻ പറഞ്ഞു. ആദിവാസി സംരക്ഷണ സമതി കൺവീനർ ബാബു അറയ്ക്കൽ, ചെയർമാൻ ജോസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.കെ. പ്രിയൻ, എലിസബത്ത്, ശിവൻ കുളമറ്റത്തിൽ, ജോണി വെൺമണി എന്നിവർ സംസാരിച്ചു.