കുമളി: തേക്കടി ആനവച്ചാൽ പാർക്കിംഗ് തർക്കത്തിന് താത്കാലിക പരിഹാരം. ഒരു മാസത്തിനകം വനംവകുപ്പ് യോഗം വിളിച്ച് തർക്കം പരിഹരിക്കാമെന്ന വ്യവസ്ഥയിൽ സമിതി സമരം താത്കാലികമായി അവസാനിപ്പിച്ചു. ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ ടാക്സി ജീപ്പുകൾ, ആട്ടോറിക്ഷകൾ തുടങ്ങിയവ നിശ്ചിത ഫീസോടെ പാർക്ക് ചെയ്യാൻ ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗം തീരുമാനിച്ചു. ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ ടാക്സി ജീപ്പുകൾ, ആട്ടോറിക്ഷകൾ തുടങ്ങിയവ പാർക്ക് ചെയ്യാമെന്നും വിനോദസഞ്ചാരികളെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാമെന്നും ശബരിമല തീർത്ഥാടകരുടെ വാഹ്ന പാർക്കിങ്ങിനുള്ള സൗകര്യം ഒരുക്കാമെന്നും അധികാരികൾ ഉറപ്പു നൽകിയിരുന്നെങ്കിലും അതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ അനുവദിക്കാത്തതിനാൽ തൊഴിലാളി യൂണിയനുകൾ സമരത്തിലായിരുന്നു. വനംവകുപ്പ് മന്ത്രിയുടെയും എം.എൽ.എയുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടത്തിയ യോഗത്തിലെടുത്ത തീരുമാനങ്ങൾക്ക് ഉടനടി നടപടി ഉണ്ടാകണമെന്ന് ഇ.എസ്. ബിജിമോൾ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച് ഒരു മാസത്തിനകം പ്രശ്നത്തിന് പരിഹാരം കാണണമെന്ന് വനംവകുപ്പിനോട് കളക്ടർ നിർദ്ദേശിച്ചു. യോഗത്തിൽ ഇ.എസ്. ബിജിമോൾ എം.എൽ.എ, കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ്, റവന്യൂ ഡിവിഷണൽ ഓഫീസർ എം.പി വിനോദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ, വനംവകുപ്പ് ഫീൽഡ് ഡയറക്ടർ ജോർജി പി. മാത്തച്ചൻ, ഡെപ്യൂട്ടി ഡയറക്ടർ ശില്പ വി. കുമാർ, അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ വിപിൻദാസ് പി.കെ, കുമളി പൊലീസ് ഇൻസ്‌പെക്ടർ വി.കെ ജയപ്രകാശ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കെ.ജി എന്നിവർ പങ്കെടുത്തു.