കുഞ്ചിത്തണ്ണി: മുട്ടുകാട്ടിൽ നിന്ന് താലൂക്ക് ആസ്ഥാനമായ ദേവികുളത്തേയ്ക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഓട്ടം നിറുത്തിയിട്ട് മാസങ്ങൾ കഴിയുന്നു. രാവിലെ 7.30ന് മുട്ടകാട്ടിൽ നിന്ന് ആരംഭിച്ച് കുഞ്ചിത്തണ്ണി, പവർഹൗസ്, ചിത്തിരപുരം, മൂന്നാർ വഴി താലൂക്ക് ആസ്ഥാനത്തേയ്ക്ക് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ലാഭകരമായി സർവീസ് നടത്തിവന്നിരുന്ന ബസാണ് കണ്ടക്ടർമാരുടെ കൂട്ട പിരിച്ചുവിടലിനെ തുടർന്ന് നിറുത്തിയത്. മുട്ടുകാട്, കുഞ്ചിത്തണ്ണി, ചിത്തിരപുരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലെ സർക്കാർ അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നോക്കി വന്നിരുന്ന നിരവധി പേർക്ക് യഥാസമയം ഓഫീസുകളിൽ എത്തിച്ചേരുന്നതിനുള്ള ഏക ആശ്രയം കൂടിയായിരുന്നു ഈ സർവീസ്. മൂന്നാർ ഗവ. കോളേജ്, ചിത്തിരപുരം സർക്കാർ ഐ.ടി.ഐ, എന്നിവിടങ്ങളിൽ അദ്ധ്യയനത്തിന് പോയി വന്നിരുന്ന വിദ്യാർത്ഥികൾക്കും ചിത്തിരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി പോയിരുന്ന ജനങ്ങൾക്കും ഏറെ ആശ്വാസകരമായിരുന്നു ഈ സർവീസ്. ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി, എം.പി, എം.എൽ.എ എന്നിവർക്ക് നിവേദനം നൽകുന്നതിന് കുഞ്ചിത്തണ്ണി ശ്രീ നാരായണ പബ്ലിക് ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് ടി.ആർ. വിജയൻ അദ്ധ്യക്ഷനായിരുന്നു. ലൈബ്രറി സെക്രട്ടറി വി.ബി. ഷൈലജൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എൻ. സജീവ്, പി.എൻ. പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.