തൊടുപുഴ: നഗരസഭാ ഓഫീസ് ആക്രമിക്കുകയും കൗൺസിൽ യോഗത്തിനിടെ ഹാളിൽ അതിക്രമിച്ച് കയറുകയും ചെയ്ത കേസിലെ അഞ്ചു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷൻസ് കോടതി കോടതി തള്ളി.

കഴിഞ്ഞ നാലിന് നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. ഉണ്ടപ്ലാവ് പൊന്നാട്ട് ഷമീർ (35), ഇടവെട്ടി താമരക്കുന്നത്ത് ആൽവിൻ ജോയി (23), ഇടവെട്ടി ചിറപ്പടി തേക്കുംകാട്ടിൽ ഷിയാസ് (28), കരിങ്കുന്നം തട്ടാരത്തട്ട കൊച്ചുമറ്റത്തിൽ ബോബി (24), കാരിക്കോട് അണ്ണായിക്കണ്ടം ചാലിൽ ജോയൽ (20) എന്നിവരാണ് കേസിലെ പ്രതികൾ. സംഭവ ശേഷം പ്രതികൾ ഒളിവിൽ പോയെന്ന കാരണം പറഞ്ഞ് പൊലീസ് പ്രതികളെ പിടികൂടിയില്ല. നഗരസഭയിൽ അഴിമതി നടക്കുന്നുവെന്നാരോപിച്ചാണ് ഡി.വൈ.എഫ്‌.ഐ, എസ്.എഫ്‌.ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. മുനിസിപ്പൽ ഓഫീസിന് മുന്നിൽ സമരക്കാരെ പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും ഇത് മറികടന്ന് അഞ്ചോളം വരുന്ന പ്രവർത്തകർ കൗൺസിൽ ഹാളിൽ കയറി കൗൺസിൽ യോഗം തടസപ്പെടുത്തുകയും കൗൺസിലറെയും നഗരസഭ ജീവനക്കാരനെയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെ നഗരസഭ പ്രവേശന കവാടത്തിന്റെ ഗ്രില്ലുകൾ തകരുകയും തടയാൻ ശ്രമിച്ച സി.ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്ക് മർദനമേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ പൊലീസ് സ്റ്റേഷനു മുന്നിൽ മണിക്കൂറുകളോളം കുത്തിയിരുന്ന് പ്രതിഷേധിച്ചു. 24 മണിക്കൂറിനകം പ്രതികളെ പിടികൂടുമെന്ന് തൊടുപുഴ ഡിവൈ.എസ്.പി ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇവർ ഉപരോധം അവസാനിപ്പിച്ചത്. പൊതുമുതൽ നശിപ്പിക്കുക, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തുക, അതിക്രമിച്ചു കയറൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.

അറസ്റ്റ് ഉടനെന്ന് പൊലീസ്

'മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകും."

- സി.ഐ സജീവ് ചെറിയാൻ

കണക്ക് തിരുത്തിയും സഹായിക്കൽ

ആക്രണത്തെ തുടർന്ന് നഗരസഭയിലുണ്ടായ നാശ നഷ്ടങ്ങളുടെ കണക്കെടുപ്പിൽ തിരുത്തൽ വരുത്തിയെന്ന ആരോപണവും നഗരസഭ അധികൃതർ ഉന്നയിച്ചു. ആദ്യം 67,000 രൂപയുടെ നഷ്ടമാണ് പി.ഡബ്ല്യു.ഡി കണക്കാക്കി നൽകിയത്. എന്നാൽ ഇത് വീണ്ടും തിരുത്തി 10500 രൂപയുടെ നഷ്ടം മാത്രമാണ് ഉണ്ടായതെന്ന് റിപ്പോർട്ട് നൽകി. ഇത് പ്രതികളെ സഹായിക്കാനാണെന്നാണ് നഗരസഭ വൈസ് ചെയർമാനടക്കമുള്ളവർ ആരോപിക്കുന്നത്.