തൊടുപുഴ: മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിലുള്ള കുളമ്പുരോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ന് ജില്ലയിൽ തുടക്കമാവും. ഗോരക്ഷാ പദ്ധതിയുടെ 26ാം ഘട്ടം പ്രതിരോധ കുത്തിവെയ്പാണ് പശു, എരുമ, പന്നി എന്നിവയ്ക്ക് നൽകുന്നത്. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് തൊടുപുഴ പുറപ്പുഴയിൽ പി.ജെ. ജോസഫ് എം.എൽ.എയുടെ ഫാമിൽ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഗസ്ത് 12 വരെയുള്ള 21 പ്രവർത്തിദിനങ്ങളിൽ ക്യാമ്പുകൾ ഒരുക്കിയും ഭവനങ്ങൾ സന്ദർശിച്ചും വളർത്തുമൃഗങ്ങളെ കുത്തിവെയ്ക്കും. ഇതിനായി ഒന്നു വീതം വാക്‌സിനേറ്ററും സഹായിയും അടങ്ങിയ 122 വാക്‌സിനേഷൻ സ്‌ക്വാഡുകളെ ജില്ലയിൽ സജ്ജമാക്കി. പശു, എരുമ, പന്നി എന്നിവയ്ക്ക് പത്തു രൂപ വീതം വാക്‌സിനേഷൻ ചാർജ് നൽകണം. ഉരുക്കളെ കുത്തിവെയ്ക്കാത്തത് നിയമവിരുദ്ധമാണ്. ജില്ലയിലെ 90,074 പശുക്കൾക്കും 5,690 എരുമകൾക്കും 11,696 പന്നികൾക്കും കുത്തിവെയ്പ് നൽകുകയാണ് ലക്ഷ്യം. മൂന്നു മാസത്തിൽ താഴെയുള്ള കന്നുകുട്ടികൾ, ചികിത്സയിലുള്ളവ, പൂർണഗർഭിണികളായ ഉരുക്കൾ എന്നിവയ്ക്ക് കുത്തിവെയ്പ് നൽകില്ല. ഇവയ്ക്ക് രണ്ടുമാസത്തിനു ശേഷം നൽകും. പഞ്ചായത്തിലെ വെറ്ററിനറി സർജന്മാർക്കാണ് പ്രതിരോധ കുത്തിവെയ്പിന്റെ മേൽനോട്ട ചുമതല.
ആറുമാസം കൂടുമ്പോഴാണ് പ്രതിരോധ കുത്തിവെയ്പ് നൽകുന്നത്. കുത്തിവെയ്പിന് വിധേയമാക്കുന്ന കന്നുകാലികൾക്ക് മൃഗസംരക്ഷണവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും മറ്റും പദ്ധതികളിൽ മുൻഗണനയും ലഭിക്കും. കഴിഞ്ഞ ജനുവരിയിൽ ജില്ലയിൽ 81.9 ശതമാനം വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ് നൽകി ഇടുക്കി ജില്ല സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സാജു ജോസഫ്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ജിജിമോൻ ജോസഫ്, ഡോ. റീന മേരി അബ്രാഹം, ഡോ. അജീഷ് ആന്റണി, ഡോ. സാലി തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.