sreeja

ഉപ്പുതറ: സ്‌കൂട്ടർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ധ്യാപിക മരിച്ചു. കാപ്പിപ്പതാൽ സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ നഴ്സറി വിഭാഗം അദ്ധ്യാപികയും പുളിങ്കട്ട, വലിയ പറമ്പിൽ ബിനോജിയുടെ ഭാര്യയുമായ എം.കെ. ശ്രീജയാണ് (37) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച നാലിന് ശേഷം ചീന്തലാർ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ വണ്ടി ഓടിക്കാൻ പഠിക്കുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട സ്‌കൂട്ടർ 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഇൻഡോ അമേരിക്കൻ ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിറുത്തിയിരുന്നത്. ഇന്നലെ രണ്ടു മണിയോടെ മരിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: അഭിനവ്, ആര്യ.