വണ്ണപ്പുറം: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് വെട്ടേറ്റു. വണ്ണപ്പുറം കള്ളിപ്പാറ പ്ലാത്തോട്ടത്തിൽ ലിന്റോയ്ക്കാണ് (30) കഴിഞ്ഞ ദിവസം രാത്രി 11ന് വെട്ടേറ്റത്. പൊലീസ് പറയുന്നതിങ്ങനെ: ലിന്റോ സുഹൃത്തായ കടപ്ലായ്ക്കൽ ഷിബുവിന്റെ (41) വീടിന് സമീപമുള്ള പാറമടയിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു. കുടുംബ വിഷയവുമായി ബന്ധപ്പെട്ട സംസാരത്തിനിടെ പ്രകോപിതനായ ഷിബു ലിന്റോയെ വെട്ടുകയായിരുന്നെന്ന് പറയുന്നു. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ലിന്റോയെ ഹൈവേ പൊലീസ് ഓട്ടോറിക്ഷയിൽ കയറ്റി വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഉടൻ തന്നെ അവിടെ നിന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കും പരിക്ക് ഗുരുതരമായതിനാൽ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. സംഭവസ്ഥലത്ത് നിന്ന് രണ്ട് വാക്കത്തികൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാത്രി തന്നെ ഹൈവേ പൊലീസ് പ്രതിയെ പിടികൂടി കാളിയാർ സ്റ്റേഷനിൽ എത്തിച്ചു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കാളിയാർ എസ്.ഐ വി.പി. ബഷീർ, എസ്.ഐ ഷാജി, എ.എസ്.ഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.