award
സംസ്ഥാനതല ജൈവവൈവിധ്യ അവാർഡ്‌ജേതാക്കളായ ഇടുക്കി കഞ്ഞിക്കുഴി ഗവ. എൽ.പി സ്‌ക്കൂളിനെ കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് മുരുകൻ വി അയത്തിൽ ഉപഹാരം നൽകി അനുമോദിക്കുന്നു.

ചെറുതോണി: കെ.എസ്.ടി.എ ഇടുക്കി ഏരിയായുടെ നേതൃത്വത്തിൽ സംസ്ഥാന ജൈവവൈവിധ്യ അവാർഡ്‌ ജേതാക്കളായ കഞ്ഞിക്കുഴി ഗവ. എൽ.പി സ്‌കൂളിനെ അനുമോദിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന അനുമോദനയോഗം കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് മുരുകൻ വി. അയത്തിൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എഫ്സിബ ജോസ് അദ്ധ്യക്ഷയായി. കെ.എസ്.ടി.എ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. പ്രകാശ്, ജില്ലാ കമ്മിറ്റിയംഗം ടി. റെയ്‌ല, ഏരിയ സെക്രട്ടറി സിനി സെബാസ്റ്റ്യൻ, ഏരിയ പ്രസിഡന്റ്‌ ജോൺസൺ മാത്യു, സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ. ശശിമോൻ, ജൈവവൈവിധ്യ ഉദ്യാനകോർഡിനേറ്റർ രാജേഷ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. മികച്ച ജൈവവൈവിധ്യപാർക്കുകളുള്ള 2300 പൊതുവിദ്യാലയങ്ങളിൽ നിന്നാണ് ഇടുക്കി കഞ്ഞിക്കുഴി ഗവ. എൽ.പി സ്‌കൂളിനെ ഒന്നാം സ്ഥാനത്തിനായി തിരഞ്ഞെടുത്തത്. 50000 രൂപയും പ്രശസ്തി ഫലകവുമാണ് സമ്മാനമായി ലഭിച്ചത്. പഠനപ്രവർത്തനങ്ങൾക്ക് ജൈവവൈവിധ്യപാർക്ക് മികച്ച രീതിയിൽ ഉപയോഗിക്കുന്നതിന് തനതായി കണ്ടെത്തിയ ഇരുപതോളം പ്രോജക്ടുകളാണ് സ്‌കൂളിനെ ഒന്നാമതെത്തിച്ചത്. ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം, മീൻകുളം, ആമ്പൽകുളം, ജൈവവിജ്ഞാനകോശം, ഏറുമാടം, മഴപന്തൽ,ശലഭപാർക്ക്, ജൈവവേലി, കിളി കുളിക്കുളം, കാറ്റിന്റെ ദിശ അറിയാൻ എന്നിവ ഇതിൽ ഉൾപ്പെടും. ഹെഡ്മാസ്റ്റർ പി.കെ. ശശിമോൻ, അദ്ധ്യാപകരായ രാജേഷ് രവീന്ദ്രൻ, ജിനേഷ്‌ ജോർജ്ജ്, അനിത പി.ആർ. എന്നിവരെയും യോഗം അനുമോദിച്ചു.