house
വീടിന്റെ താക്കോൽദാനം ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ. ബിനു - ശോഭന ദമ്പതികൾക്ക് കൈമാറുന്നു

വെള്ളിയാമറ്റം: ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ നേതൃത്വം നൽകുന്ന കാർഷിക മേളയുടെ ഗെയിറ്റ് കളക്ഷനിൽ നിന്ന് നിർമ്മിച്ച സ്വപ്ന വീട് പദ്ധതി വെള്ളിയാമറ്റത്ത് യാഥാർത്ഥ്യമായി. അടച്ചുറപ്പുള്ള വീടെന്ന മഞ്ഞുവിള വീട്ടിൽ ബിനു- ശോഭന ദമ്പതികളുടെ സ്വപ്നമാണ് യാഥാർത്ഥ്യമായത്. വീടിന്റെ താക്കോൽദാനം ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ബിനു - ശോഭന ദമ്പതികൾക്ക് കൈമാറി. ജില്ലയിലാദ്യമായി പ്രീ ഫാബ്രിക്കേറ്റഡ് നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചുള്ള പ്രകൃതി സൗഹൃദ ഭവനമാണ് നിർമ്മിച്ചത്. ഹൈറേഞ്ച് റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റിയാണ് പി.ജെ. ജോസഫ് എം.എൽ.എയുടെ ആവശ്യ പ്രകാരം 3.8 ലക്ഷം രൂപയുടെ 380 ചുതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് പണിത് നൽകിയത്. കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ജോസ് മാത്യു അദ്ധ്യക്ഷത വഹിച്ച താക്കോൽദാന ചടങ്ങിൽ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.എം. ദേവസ്യ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു, വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളി വികാരി ഫാ. അലക്സ് പണ്ടാരകാപ്പിൽ, ജോസ് കോയിക്കാട്ടിൽ, സി.കെ.വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ പി.എസ്. ചന്ദ്രബോസ്, ഹെഡ്മാസ്റ്റർ ആൻഡ്രൂസ് ഡാനിയേൽ, എച്ച്. ആർ. ഡി. എസ് പ്രൊഡക്ഷൻ കൺട്രോളർ പി. സുദേവൻ എന്നിവർ പങ്കെടുത്തു.