രാജാക്കാട്: അയൽവീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തു നായയെ അടിച്ചു കൊന്ന കേസിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. രാജകുമാരി ഹരിത ജംഗ്ഷനിൽ താമസിക്കുന്ന ശ്രീദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരുടെ ബന്ധുവായ ശരവണൻ (27), കണ്ടാലറിയാവുന്ന ഇയാളുടെ സുഹൃത്ത് എന്നിവർക്കെതിരെയാണ് രാജാക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ശരവണനും സുഹൃത്തും ശ്രീദേവിയുടെ വീടിനു സമീപത്തുകൂടി നടന്നുപോകുമ്പോൾ വീടിന്റെ പിന്നിൽ ചങ്ങലയിൽ കെട്ടിയിട്ടിരുന്ന വളർത്തുനായ കുരച്ചതാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന ശരവണനും സുഹൃത്തും ചേർന്ന് വടി ഉപയോഗിച്ച് പട്ടിയെ അടിച്ചു കൊന്നു. ശബ്ദം കേട്ട് എത്തിയ ശ്രീദേവിയുടെ അമ്മയെയും പ്രതികൾ ആക്രമിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ എച്ച്.എൽ ഹണിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നായയുടെ മൃതദേഹം രാജകുമാരി മൃഗാശുപത്രിയിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി. മഹസർ തയാറാക്കി കേസ് രജിസ്റ്റർ ചെയ്തു.