sreedharan

കട്ടപ്പന: മരുമകൾക്ക് പിന്നാലെ ഭർതൃപിതാവും മരിച്ചു. ഉപ്പുതറ പുളിങ്കട്ട, വലിയപറമ്പിൽ ശ്രീധരനാണ് (70) മരിച്ചത്. സ്കൂട്ടർ മറിഞ്ഞ് ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീധരന്റ മകൻ ബിനോജിന്റെ ഭാര്യ ശ്രീജ (37) ചൊവ്വാഴ്ച മരിച്ചിരുന്നു. ശ്രീജയുടെ വേർപാട് താങ്ങാൻ കഴിയില്ലെന്ന് അറിയാമായിരുന്നതിനാൽ വിവരം ശ്രീധരനെ അറിയിച്ചിരുന്നില്ല. ബുധനാഴ്ച രാവിലെ മരുമകൾ മരിച്ച വിവരം അറിഞ്ഞതോടെ ശ്രീധരന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടൻ തന്നെ ഉപ്പുതറ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ശ്രീജയുടെ മൃതദേഹം ഇന്നലെ വൈകിട്ട് നാലിന് വീട്ടിലെത്തിച്ചു. അന്ത്യകർമ്മങ്ങൾക്കു ശേഷം വൈകിട്ട് ആറ് മണിയോടെ ഇരുവരുടെയും മൃതദേഹം സംസ്കരിച്ചു. ഭാരതിയാണ് ശ്രീധരന്റെ ഭാര്യ. മറ്റുമക്കൾ: സിന്ധു, ബിന്ദു. മറ്റുമരുമക്കൾ: വേണു, ജാസി.