കട്ടപ്പന: കുളവാഴകൾ നിറഞ്ഞ കട്ടപ്പനയാർ ശുദ്ധീകരിക്കാൻ നഗരസഭ ആരോഗ്യ വകുപ്പിന്റെ തീരുമാനം. കുളവാഴകൾ ജലാശയത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വരുത്തിയ മാറ്റങ്ങൾ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങൾ തുറന്ന് കാട്ടിയിരുന്നു. തുടർന്നാണ് നഗരസഭ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടത്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കുളവാഴകൾ നീക്കം ചെയ്യാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും. ഇരുപതേക്കർ പാലത്തിനടിയിലൂടെ ഒഴുകുന്ന കട്ടപ്പനയാറിന്റെ കൈവഴിയിൽ ഏതാനം മാസം കൊണ്ട് ഒരു കിലോമീറ്ററോളമാണ് കുളവാഴകൾ വ്യാപിച്ചിരിക്കുന്നത്. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ,​ ഹെൽത്ത് ഇൻസ്പെക്ടർമാരടക്കമുള്ള വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഇന്നലെ പോളകൾ നിറഞ്ഞ് കിടക്കുന്ന കട്ടപ്പനയാറിന്റെ കൈവഴി സന്ദർശിച്ചു. കുളവാഴകൾ നിറഞ്ഞ തോട്ടിലെ വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് ഒരു തരത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ല. എന്നാൽ ഇടുക്കി ജലാശയത്തിലെത്തിയാൽ ഇവ നിയന്ത്രണ വിധേയമാക്കാൻ കഴിയില്ലെന്നും അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പി.കെ. ബിജു പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജൂവാൻ. ഡി. മേരി, ബിനിഷ് ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.