ചെറുതോണി: പാൽവില ലിറ്ററിന് 50 രൂപയാക്കുക, കാലിത്തീറ്റയുടെ വില കുറയ്ക്കുക, ക്ഷീരകർഷകരെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുക, സൗജന്യ മൃഗചികിത്സ നൽകുക, ത്രിതല പഞ്ചായത്തുകൾ നൽകുന്ന കാലിത്തീറ്റ സബ്സിഡി വർദ്ധിപ്പിക്കുക, ക്ഷീരകർഷകരുടെ മുഴുവൻ കടങ്ങളും കടാശ്വാസപദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ രാവിലെ 10.30 ന് ക്ഷീരകർഷകർ മുരിക്കാശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തും. 50 കിലോ കാലിത്തീറ്റക്ക് 950 രൂപ ഉണ്ടായിരുന്നപ്പോൾ നിശ്ചയിച്ച വിലയാണ് ഇപ്പോഴും പാലിന് ലഭിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കാലിത്തീറ്റയ്ക്ക് 1300 രൂപയായി വർദ്ധിച്ചിട്ടും ഒരു ലിറ്റർ പാലിന് ക്ഷീരകർഷകന് കിട്ടുന്നത് 30 രൂപയാണ്. ഗുണനിലവാരമനുസരിച്ച് പാലിന് പരമാവധി 34 രൂപ വരെ കിട്ടും. എന്നാൽ ഇതനുസരിച്ചുളള വരുമാനം ക്ഷീരകർഷകന് ലഭിക്കുന്നില്ല. എട്ട് മുതൽ 12 ലിറ്റർ വരെ പാൽ ലഭിക്കുന്ന പശുവിന് ഇപ്പോൾ 70,​000 രൂപവരെ വില നൽകണം. സർക്കാർ മൃഗാശുപത്രികളിൽ മരുന്നില്ലാത്തതും ക്ഷിരകർഷകരെ വലയ്ക്കുന്നു. മൃഗാശുപത്രിയിൽ മരുന്നില്ലാത്തതിനാൽ പലപ്പോഴും അധിക വിലകൊടുത്ത് പുറത്തുനിന്നും മരുന്ന് വാങ്ങേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ പാൽവില വർദ്ധിപ്പിച്ച് നൽകിയില്ലെങ്കിൽ ക്ഷീരമേഖല ഉപജീവനമായി തെരെഞ്ഞെടുത്ത ജില്ലയിലെ മൂന്നുലക്ഷത്തോളം വരുന്ന കർഷകർ പ്രതിസന്ധിയിലാകും. അതിനാൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കർഷക സമിതി നേതാക്കളായ കെ.വി ജോസഫ് കൊച്ചുവീട്ടിൽ, സെബാസ്റ്റ്യൻ കലമറ്റത്തിൽ, ഷൈൻ കല്ലുറുമ്പിൽ, ടോജിൻ ടോമി, രാജു സേവ്യർ കുത്തനാപിള്ളിൽ എന്നിവർ ആവശ്യപ്പെട്ടു.