തൊടുപുഴ: ജില്ലയിൽ വീണ്ടും എച്ച്‌വൺ എൻവൺ റിപ്പോർട്ട് ചെയ്തു. കഞ്ഞിക്കുഴി സ്വദേശിയായ 23കാരനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. യുവാവ് ഗുരുതരാവസ്ഥയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴുമാസത്തിനിടെ 18 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ മാസമാണ് എച്ച്‌വൺ എൻവൺ ബാധിച്ച് കട്ടപ്പന സ്വദേശി ജേക്കബ് തോമസ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ആംബുലൻസിൽ കിടന്നാണ് ജേക്കബ് മരിച്ചത്. വീണ്ടും രോഗം സ്ഥിരീകരിച്ച സ്ഥതിക്ക് ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ വേണ്ടത്ര ഫലം കാണാത്തിനാലാണ് വീണ്ടും രോഗം പിടിപെടാൻ കാരണമെന്ന് ആക്ഷേപമുണ്ട്.

' ജനുവരി മുതൽ ജൂൺ വരെ 17 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ രോഗം ബാധിച്ച യുവാവിന്റെ നില അൽപ്പം ഗുരുതരമാണ്. ആരോഗ്യവകുപ്പ് നിരീക്ഷിച്ച് വരികയാണ്. പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കും."

- ഡോ. എൻ. പ്രിയ (ഡി.എം.ഒ)​

എന്താണ് എച്ച്‌വൺ എൻവൺ?

എച്ച് വൺ എൻ വൺ ഇൻഫ്ളുവൻസ 2009 മുതൽ പകർച്ചവ്യാധിയായി റിപ്പോർട്ടു ചെയ്തിട്ടുള്ളത്. സ്വൈൻ ഇൻഫ്ളുവൻസ,​ പന്നിപ്പനി എന്നീ പേരുകളിലും അറിയപ്പെടുന്നു. ആർ.എൻ.എ വൈറസുകളുടെ ഗണത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തിൽ പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു. വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽ കൂടിയാണ് ഇതു പകരുന്നത്. അസുഖബാധിതനായ ആളിൽ നിന്ന് രണ്ടുമുതൽ ഏഴുദിവസം വരെ ഇതു പകർന്നേക്കാം. തുമ്മുമ്പോഴും ചുമയ്ക്കമ്പോഴും ശ്വാസകോശത്തിൽ നിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്കു പകരും.

ലക്ഷണങ്ങൾ

പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കാൻ ഇടയുണ്ട്.

ചികിത്സാരീതികൾ...

രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. പനിക്കെതിരെയും വൈറസിനെതിരെയും മരുന്നുകൾ നൽകും. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവർക്ക് ആന്റിവൈറൽ മരുന്നുകൾ നൽകാം.

പ്രതിരോധ നടപടികൾ

1. ചുമയ്ക്കമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മൂടുക.

2. ജലദോഷ പനിയുണ്ടെങ്കിൽ വീട്ടിൽ വിശ്രമിക്കുക.

3. പോഷകാഹാരങ്ങൾ കഴിക്കുക, ചൂടുള്ള പാനീയങ്ങൾ കുടിക്കുക.

4. ഗർഭിണികൾ, മറ്റ്‌രോഗികൾ, വൃദ്ധരും രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.

5. കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക