തൊടുപുഴ: വാഹനമിടിച്ച് വഴിയിൽ കിടന്ന ലാബ് റിട്രീവർ ഇനത്തിൽപ്പെട്ട നായയ്ക്ക് രക്ഷകരായി മൂന്ന് യുവാക്കൾ. നായ സുഖം പ്രാപിച്ചതോടെ ഇതിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവർ. ഇതിനായി സമൂഹമാദ്ധ്യമങ്ങളിലുടെ അറിയിപ്പുകളും സഹായങ്ങളും തേടിയിട്ടുണ്ട്. കോലാനി- നടുക്കണ്ടം ഇടക്കപ്പുഴ ബിപിൻ രാജിന് ഒരുമാസം മുമ്പാണ് നടുക്കണ്ടം ബിവറേജസ് റോഡിന് സമീപത്ത് നിന്ന് അവശനിലയിൽ നായയെ കിട്ടുന്നത്. മൂക്കിൽ നിന്ന് ചോരയൊലിപ്പിച്ച് റോഡരികിൽ കിടക്കുകയായിരുന്നു. ആദ്യം ടൗണിന് പോയപ്പോൾ കണ്ടെങ്കിലും ശ്രദ്ധിച്ചില്ല, പിന്നീട് തിരിച്ച് വന്നപ്പോളും നായ അനങ്ങാതെ കിടക്കുകയായിരുന്നു. ഇതോടെ അടുത്തെത്തി പരിശോധിച്ചു. ഇതേ ഇനത്തിൽപ്പെട്ട പെൺനായയെ (പപ്പി) കഴിഞ്ഞ വർഷം മാർച്ചിൽ മൂന്ന് മാസം പ്രായമുള്ളപ്പോൾ ബിപിൻ വാങ്ങിയിരുന്നു. പെട്ടെന്ന് പപ്പിയുടെ ഓർമ്മ വന്നതോടെ മറ്റൊന്നും ചിന്തിച്ചില്ലെന്നും ബിപിൻ പറയുന്നു. അനക്കമുണ്ടെന്ന് കണ്ടതോടെ കാറിൽ കയറ്റി ഉടൻ തന്നെ മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു. നീണ്ട ചികിത്സ, വാഹനം തലയുടെ ഭാഗത്ത് ഇടിച്ചതിനാൽ തല നേരെ പിടിക്കാൻ വയ്യാത്ത സ്ഥിതിയായിരുന്നു. ഒപ്പം സഹായത്തിന് ബന്ധുക്കളായ ഡിനിൽ നാഥ് പി.ജിയും വിഷ്ണു വി. പിള്ളയും എത്തി. സുഖം പ്രാപിച്ചതോടെ ബ്രൂണോയെന്ന് പേരിട്ടു, വീട്ടിലെ എല്ലാവരുമായി നായ പെട്ടെന്ന് ഇണങ്ങി. ഇന്ന് ഇവരുടെ പൊന്നോമനയായി പപ്പിയുടെ സുഹൃത്തായി വളരുകയാണ്. ഇതിനിടെ സമീപ വീടുകളിലും സുഹൃത്തുക്കൾ വഴിയും ഉടമയെ തെരഞ്ഞിരുന്നു. കണ്ടെത്താനാകാതെ വന്നതോടെയാണ് സമൂഹമാദ്ധ്യമങ്ങളുടെ സഹായം തേടിയത്. നിലവിൽ ആരും അന്വേഷിച്ചെത്തിയിട്ടില്ലെന്നും ബിപിൻ പറയുന്നു. പലരും നായയെ വിലക്ക് ചോദിച്ചെങ്കിലും ഇതിന് ഈ ചെറുപ്പക്കാർ തയ്യാറായിട്ടില്ല.