തൊടുപുഴ: ഫിലിം സൊസൈറ്റിയും ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് കേരളഘടകത്തിന്റെ സഹകരണത്തോടെ നടത്തുന്ന മൺസൂൺ ഫെസ്റ്റ്- 2019 ജൂലായ് 22 മുതൽ 25 വരെ തൊടുപുഴ സിൽവൽഹിൽസ് സിനിമാസിൽ നടക്കും. 22ന് രാവിലെ 10ന് നഗരസഭാ ചെയർപേഴ്സൺ പ്രൊഫ. ജസി ആന്റണി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. ചലച്ചിത്രബാലതാരം മീനാക്ഷി മഹേഷ് മുഖ്യാതിഥിയായിരിക്കും. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. സി.കെ. ജാഫർ, ഫിലിം സൊസൈറ്റി പ്രസിഡന്റ് ബാബു പള്ളിപ്പാട്ട്, സെക്രട്ടറി യു.എ. രാജേന്ദ്രൻ എന്നിവർ സംസാരിക്കും. തുടർന്ന് വിഖ്യാത ചലച്ചിത്രകാരനായ മജീദ് മജീദിയുടെ ലോകപ്രശസ്തമായ ചിത്രം 'ചിൽഡ്രൺ ഓഫ് ഹെവൻ' വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിക്കും. വൈകിട്ട് 6.30ന് ജയരാജ് സംവിധാനം ചെയ്ത ദേശീയ അവാർഡ് കരസ്ഥമാക്കിയ മലയാളചിത്രം 'ഭയാനകം' പ്രദർശിപ്പിക്കും. രണ്ടാംദിവസം വൈകിട്ട് 6.30ന് സ്പാനിഷ് ചിത്രം 'ദി ഒലീവ് ട്രീ' (സംവിധാനം: ഇകാർ ബൊളൈൻ), മൂന്നാംദിവസം വൈകിട്ട് ലബനീസ് ചിത്രം 'കാപർണാം' (സംവിധാനം: നദീൻ ലബാക്കി) എന്നിവ പ്രദർശിപ്പിക്കും. സമാപന ദിവസമായ വ്യാഴാഴ്ച വൈകിട്ട് 6.30ന് കൊറിയൻ ചിത്രം 'ലിറ്റിൽ ഫോറസ്റ്റ്' (സംവിധാനം : സൂൺ റി യിം) പ്രദർശിപ്പിക്കും. നാലുദിവസത്തെ പ്രദർശനത്തിനും കൂടി ഡെലിഗേറ്റ് ഫീസ് 100 രൂപയായിരിക്കും. എല്ലാദിവസവും ചർച്ചകളും ഓപ്പൺ ഫോറവും ഉണ്ടാകും. സിൽവർ ഹിൽസ് സിനിമാസ്, ജ്യോതി സൂപ്പർബസാറിലുള്ള ഉപാസന കൾച്ചറൽ സെന്റർ, വിഗ്നറ്റ് ഡിജിറ്റൽ സ്റ്റുഡിയോ, വാഴക്കുളം ഈണം ഓർക്കസ്ട്രാ എന്നിവിടങ്ങളിൽ ഡെലിഗേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447824923, 9447046060 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. വാർത്താസമ്മേളനത്തിൽ ഫിലിം സൊസൈറ്റി സെക്രട്ടറി യു.എ. രാജേന്ദ്രൻ, ട്രഷറർ വിത്സൺ ജോൺ, പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.ജി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.