ഇടുക്കി: മറയൂർ ശർക്കരയെന്ന പേരിൽ തമിഴ്നാട്ടിൽ നിന്നടക്കം കച്ചവടക്കാർ വ്യാജ ശർക്കര എത്തിക്കുന്നത് ശിക്ഷാർഹമാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. കാന്തല്ലൂർ- കോവിൽകടവിൽ മറയൂർ ശർക്കരയുടെ ഭൗമ സൂചിക പദവി വിളംബര ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഹൈട്രോസ് എന്ന രാസവസ്തു ഉപയോഗിച്ച് നിർമ്മിക്കുന്ന ശർക്കര, മറയൂർ ശർക്കരയുടെ ജി.ഐ രജിസ്‌ട്രേഷന്റെ മറവിൽ തെറ്റിദ്ധരിപ്പിച്ച് വിറ്റഴിക്കാൻ ശ്രമിച്ചാൽ ക്രിമിനൽ കുറ്റമാണ്. രണ്ട് ലക്ഷം രൂപ വരെ പിഴയും രണ്ട് വർഷം വരെ തടവും ലഭിക്കും. കച്ചവടക്കാർ താത്കാലിക ലാഭത്തിനായി വ്യാജ ശർക്കരയുടെ വിൽപ്പന നടത്തരുതെന്നും കർഷകരും കച്ചവടക്കാരും പരസ്പരം കൈകോർക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ എസ്. രാജേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മറയൂർ ശർക്കരയുടെ അംഗീകൃത ലോഗോ പ്രകാശനം, ഭൗമ സൂചക ഉത്പന്ന പ്രകാശനം, ഭൗമ സൂചക ഫാക്ട് ഷീറ്റ് പ്രകാശനം എന്നിവ ചടങ്ങിൽ നടന്നു. ദേവികുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉഷ ഹെന്റി ജോസഫ്, മറയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ. ആരോഗ്യ ദാസ്, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി റാണി രാജേന്ദ്രൻ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി അൻപുരാജ് തുടങ്ങിയവർ പങ്കെടുത്തു.
വെളുത്തുള്ളിയും ഭൗമസൂചികയിലെത്തും
മറയൂർ- ശർക്കരയ്ക്ക് പിന്നാലെ വട്ടവട- കാന്തല്ലൂർ മേഖലയിലെ വെളുത്തുള്ളിക്കും ഭൗമ സൂചിക പദവി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. ഗുണനിലവാരമുള്ള വിളകൾ ഓരോ പ്രദേശത്തിന്റെ തനത് വിളകളായി നില നിൽക്കണമെന്നും മെച്ചപ്പെട്ട വിപണിയും കർഷകർക്ക് ലാഭകരമായി കൃഷിയിറക്കുന്നതിനുള്ള സാഹചര്യവും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.