thakkudu
തക്കുടുവും അച്ഛൻ വിജയരാജും ചെറുതോണി പാലത്തിൽ

ഇടുക്കി: ആദ്യത്തെ ചിത്രത്തിൽ അച്ഛൻ എടുത്തിരിക്കുന്ന ഈ നാലു വയസുകാരനെ ആർക്കെങ്കിലും ഓർമയുണ്ടോ. ഇടുക്കി ഡാം തുറക്കുംമുമ്പ് ചെറുതോണി പാലത്തിലൂടെ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ രോഗബാധിതനായ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ഓടുന്ന ദൃശ്യം പ്രളയത്തിലെ മറക്കാനാകാത്ത ദൃശ്യമായിരുന്നു. പ്രളയാതിജീവനത്തിന്റെ നേർകാഴ്ചയായ ആ കുഞ്ഞാണിത്. വീട്ടുകാരും ബന്ധുക്കളും സ്നേഹത്തോടെ തക്കുടുവെന്ന് വിളിക്കുന്ന സൂരജ്. കേരളത്തെ ദുരിതത്തിലാക്കിയ മഹാപ്രളയത്തിന്റെ ആഘാതം ലോകത്തെ അറിയിക്കും വിധം രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായി അത് മാറി. ചെറുതോണി ഇടുക്കി കോളനിയിൽ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജിന്റെയും മഞ്ജുവിന്റെയും എക മകനാണ് സൂരജ്. ഇടുക്കി ഡാം തുറക്കുന്നതും വെള്ളമൊഴുകുന്നതും സുഹൃത്തുക്കൾക്കൊപ്പം കണ്ടശേഷം ആഗസ്റ്റ് 10 ന് ഉച്ചയോടെ വീട്ടിലെത്തിയ വിജയരാജ് കണ്ടത് കടുത്ത പനിയും ശ്വാസം മുട്ടലും കൊണ്ട് വിഷമിക്കുന്ന മൂന്നു വയസുള്ള മകനെയാണ്. അതിശക്തമായ മഴ വകവയ്ക്കാതെ മകനെ എടുത്ത് വീട്ടിൽ നിന്നിറങ്ങി. പാലത്തിനിക്കരെ വന്നപ്പോൾ തന്നെ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു, അക്കരെ വിടാൻ നിർവ്വാഹമില്ലെന്ന്. കുഞ്ഞിന് പനി കൂടുതലാണെന്ന് ബോധ്യപ്പെട്ടതോടെ മറുകരയിലുള്ള സർക്കിൾ ഇൻസ്‌പെക്ടറെ അറിയിച്ചു. അവിടെയുണ്ടായിരുന്ന ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ ഓടിയെത്തി കുഞ്ഞിനെ വാങ്ങി ഞൊടിയിട കൊണ്ട് മറുകരയെത്തിച്ചു. അവിടെ നിന്ന് ആട്ടോറിക്ഷയിൽ കയറിയ ശേഷം തിരിഞ്ഞു നോക്കിയപ്പോൾ പാലത്തിനു മുകളിലൂടെ വെള്ളം കുതിച്ചൊഴുകുന്ന കാഴ്ച ഓർക്കുമ്പോൾ ഇപ്പോഴും പേടിയാകുന്നെന്ന് വിജയരാജ് പറയുന്നു. കൈയിൽ ഒരു രൂപ പോലും ഇല്ലാതിരുന്ന സന്ദർഭത്തിൽ സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്ത് കൈയ്യിൽ വച്ചോളുവെന്നു പറഞ്ഞ് നൽകിയ പൊലീസ് ഉദ്യോഗസ്ഥനെയും വിജയരാജ് സ്‌നേഹത്തോടെ ഓർക്കുന്നു. ജില്ലാ ആശുപത്രിയിൽ കാഷ്വാലിറ്റിയിൽ എത്തിച്ച തക്കുടുവിന് മരുന്ന് നൽകി അസുഖം കുറഞ്ഞ ശേഷം തിരികെയെത്തിയപ്പോൾ ചെറുതോണി പാലം വെള്ളത്താൽ മൂടിയിരുന്നു. സമീപമുള്ള പല വഴികളും വെള്ളം കയറിയും മണ്ണിടിഞ്ഞും ബ്ലോക്കായിരുന്നു. പിന്നീട് കരിമ്പൻ പാലം വഴി ബന്ധുവിന്റെ ബൈക്കിൽ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് വീട്ടിൽ തിരികെയെത്തിയത്. തക്കുടുവിന്റെ കുസൃതിച്ചിരി കാണുമ്പോഴെല്ലാം അന്നവനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച സേനാംഗത്തേയും സഹായം നൽകിയ പൊലീസുദ്യോഗസ്ഥനെയും ഒരിക്കൽ കൂടി കാണണമെന്ന ആഗ്രഹം തോന്നാറുണ്ടെന്നും വിജയരാജ് പറഞ്ഞു. വിജയരാജിന്റെ മാതാപിതാക്കൾ തങ്കരാജിനും നേശമ്മയ്ക്കുമൊപ്പമാണ് ഇവർ താമസിക്കുന്നത്. ഇടുക്കിയിലെ പ്രളയ തീവ്രത ലോകത്തെ അറിയിച്ചതിൽ താനും പങ്കുവഹിച്ച കാര്യമൊന്നും അറിയില്ലെങ്കിലും തന്നെ കാണാനെത്തുന്നവരെ തക്കുടു കളി ചിരിയുമായി വരവേൽക്കുന്നു. ഇടുക്കി ന്യൂമാൻ സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ് ഇവനിപ്പോൾ.