കട്ടപ്പന: വാഗമണ്ണിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. ഹൂണ്ടായി കമ്പനി ജീവനക്കാരൻ ജബൽപൂർ സ്വദേശി ദീപക് സിംഗ് ടാക്കൂറാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. വാഗമൺ അറപ്പ് കാട്ടിലാണ് 200 അടി താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞത്. എം.എം.ജെ ടീ കമ്പിനി ഉടമ പരേതനായ മണർകാട് പാപ്പന്റെ മകൻ കുഞ്ഞുമോന്റെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിൽ കുഞ്ഞുമോൻ സുഹൃത്തുക്കളെ തോട്ടം കാണിക്കാൻ പോകുന്നതിനിടയിലായിരുന്നു അപകടം. റോഡിൽ നിന്ന് തെന്നിമാറിയ ജീപ്പ് പുല്ലിലൂടെ നിരങ്ങി നീങ്ങി 200 അടി താഴ്ചയിലുള്ള മരത്തോട്ടത്തിൽ പതിക്കുകയായിരുന്നു. ജീപ്പിന്റെ ആദ്യ മറിച്ചിലിൽ തന്നെ കുഞ്ഞുമോൻ തെറിച്ചുവീണു. മറ്റ് രണ്ട് പേരും ജീപ്പിനടിയിൽ അകപ്പെട്ടു. അപകടവിവരം അറിഞ്ഞെത്തിയ ഡ്രൈവർമാർ ചേർന്ന് ജീപ്പ് ഉയർത്തിയാണ് അടിയിൽപ്പെട്ടവരെ പുറത്തെടുത്തത്. സാരമായി പരിക്കേറ്റ ദീപക് സിംഗ്ടാക്കൂർ ആശുപത്രിയിലേക്ക് പോകുംവഴി മരിക്കുകയായിരുന്നു. മറ്റ് രണ്ട് പേര്‍ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.