gate
ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരെ ഗേറ്റ് പൂട്ടി തടഞ്ഞു വച്ചപ്പോൾ പൊലീസ് എത്തി മോചിപ്പിച്ചപ്പോൾ

മറയൂർ: മറയൂരിൽ കൃഷിയിടങ്ങളിൽ ജലസേചനത്തിന് വെള്ളം എത്തുന്ന തലയാർ ഇടതു കനാലിലെ അറ്റകുറ്റപ്പണി നടത്തിയത് പരിശോധിക്കാനെത്തി തിരിച്ചു പോകും വഴി ഇറിഗേഷൻ ഉദ്യോഗസ്ഥരെ സ്ഥല ഉടമയായ വ്യക്തി ഗേറ്റിനകത്തിട്ട് പൂട്ടിയതായി ആരോപണം. ഇന്നലെ രാവിലെ 11നാണ് സംഭവം. മറയൂർ പുളിക്കരവയലിൽ തോട്ടം ഉടമയാണ് ജലസേചന ഉദ്യോഗസ്ഥരായ അരുൺ, ജോസ് എന്നിവരുൾപ്പെട ആറംഗ സംഘത്തിനെ തടഞ്ഞുവച്ചത്. പുളിക്കരവയലിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയുടെ അതിർത്തിയിലൂടെയാണ് കനാൽ കടന്നുപോകുന്നത്. ഇവിടെ കർഷകർക്ക് എത്തുന്നതിനുള്ള ഏക വഴി സ്വകാര്യ സ്ഥലത്തിലൂടെയാണ്. കനാലിന്റെ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം നിർമ്മാണസാമഗ്രികൾ കൊണ്ടുപോകാനും ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്താനുമാണ് സ്വകാര്യ വ്യക്തിയുടെ ഗേറ്റ് കടന്ന് കനാലിൽ എത്തിയത്. തിരിച്ചു വരുമ്പോഴാണ് ഗേറ്റ് പൂട്ടി തടഞ്ഞത്. തോട്ടത്തിൽ തകർന്ന് കിടന്ന കനാൽ നിർമിച്ച് നൽകാൻ ആവശ്യപ്പെട്ടതനുസരിച്ച് ചെയ്യാത്തതിനാലാണ് പൂട്ടിയിട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് മറയൂർ പൊലീസ് ഇൻസ്‌പെക്ടർ വി.ആർ. ജഗദീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ഒരു മണിക്കൂറിന് ശേഷമാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ സ്ഥല ഉടമക്കെതിരെ പരാതി ഒന്നും നൽകിയിട്ടില്ല.