തൊടുപുഴ: 30 വർഷം വിദേശത്ത് അദ്ധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിനു പഞ്ചായത്ത് നമ്പരിട്ട് നൽകാത്തതിനെ തുടർന്ന് പ്രവാസിയും കുടുംബവും ആത്മഹത്യയുടെ വക്കിൽ. കല്ലൂർക്കാട് കലൂർ ശാന്തിഭവൻ വീട്ടിൽ രവീന്ദ്രൻ നായരും ഭാര്യ മല്ലികയുമാണ് പഞ്ചായത്തിനെതിരെ റവന്യൂമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. പുരയിടത്തിൽ നിർമിച്ച കെട്ടിടം ഇപ്പോൾ പാടമാണെന്ന് പറഞ്ഞാണ് പഞ്ചായത്ത് കെട്ടിടനമ്പർ നിഷേധിക്കുന്നതെന്ന് ദമ്പതികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെരുമാങ്കണ്ടം ഏഴല്ലൂർ ജംഗ്ഷനിൽ പുരയിടമാണെന്ന് രേഖകളിലുള്ള എട്ടേമുക്കാൽ സെന്റ് സ്ഥലം വാങ്ങിയാണ് രവീന്ദ്രൻ നായർ ഇവിടെ ആറുകടമുറികളുള്ള കെട്ടിടം നിർമിച്ചത്. ഇതോടൊപ്പം മകളുടെ പേരിൽ നിലമെന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഏഴേകാൽ സെന്റ് സ്ഥലവും വാങ്ങിയിരുന്നു. പുരയിടത്തിൽ കെട്ടിടം നിർമിക്കുന്നതിനായി പെർമിറ്റിന് അപേക്ഷിച്ചപ്പോൾ കലൂർക്കാട് പഞ്ചായത്തിൽ നിന്ന് വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിർമാണ അനുമതി നൽകുകയും ചെയ്തു. തുടർന്ന് തൊടുപുഴയിലെ ബാങ്കിൽ നിന്ന് 24 ലക്ഷം രൂപ വായ്പയെടുത്താണ് കെട്ടിടം നിർമിച്ചത്. കെട്ടിട നിർമാണം പൂർത്തിയായതിനെ തുടർന്ന് നമ്പറിന് അപേക്ഷിച്ചപ്പോൾ മകളുടെ പേരിൽ വാങ്ങിയ നിലത്ത് നിർമാണ പ്രവർത്തനം നടത്തുന്നുവെന്നു സമീപവാസിയായ സ്ത്രീ പരാതി നൽകി. പരാതി പിൻവലിക്കണമെങ്കിൽ ഈ സ്ഥലത്തിനു പിന്നിലുള്ള ഭൂമി വൻ വില നൽകി വാങ്ങണമെന്നും ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാത്തതിനാൽ പഞ്ചായത്തിലെ കരാറുകാരനായ ഇവരുടെ ബന്ധു കെട്ടിട നമ്പർ ഒരിക്കലും ലഭിക്കില്ലെന്നു ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. ഇതിനിടെ റവന്യൂവകുപ്പ് ഭരിക്കുന്ന പാർട്ടിക്കാർ ലക്ഷങ്ങൾ പിരിവ് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. എം.എൽ.എയോടും ജനപ്രതിനിധികളോടും സഹായം അഭ്യർത്ഥിച്ചെങ്കിലും നടപടിയുണ്ടായില്ല. പലിശ പെരുകി വായ്പയുടെ തിരിച്ചടവു മുടങ്ങിയതോടെ കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും ഇവർ പറഞ്ഞു.


''ഈ സ്ഥലത്ത് നടന്ന നിർമാണ പ്രവർത്തനത്തിന് 2016ൽ ആർഡിഒ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. സർവേ നമ്പരിലും ഭൂമിയുടെ ഇനത്തെ സംബന്ധിച്ചും ഉയർന്ന പരാതിയെതുടർന്നായിരുന്നു നടപടി. പിന്നീടും നിർമാണം തുടർന്നപ്പോൾ നിർമാണ സാമഗ്രികൾ പിടിച്ചെടുക്കുകയും ചെയ്തു. നിലവിൽ സ്ഥലം വീണ്ടും അളന്ന് വ്യക്തത വരുത്താൻ ആർ.ഡി.ഒ സർവേ വകുപ്പിനു നിർദേശം നൽകിയിരിക്കുന്നതിനാലാണ് പെർമിറ്റ് പുതുക്കാത്തതും കെട്ടിട നമ്പർ നൽകാത്തതും.""

- ഷൈജു വർഗീസ് (കല്ലൂർക്കാട് പഞ്ചായത്ത് സെക്രട്ടറി)