മറയൂർ: കൃഷി മന്ത്രി വി.എസ്.സുനിൽകുമാറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കർഷകരുടെ നേതൃത്വത്തിൽ 6500 കിലോ വ്യാജ മറയൂർ ശർക്കര പിടികൂടി. മറയൂർ ആനക്കാൽ പ്പെട്ടിയിൽ ഇന്നലെ ആറിന് ലോറിയിൽ കയറ്റിയ നിലയിൽ 130 ചാക്കുകളിലായിട്ടാണ് തമിഴ്നാട് ശർക്കര പിടികൂടിയത്. മാപ്‌കോ, മഹാഡ്, അഞ്ചുനാട് ശർക്കര ഉത്പാദന വിപണന സംഘം എന്നിവയുടെ പ്രതിനിധികളാണ് വ്യാജ ശർക്കര തടഞ്ഞു വച്ച് പൊലീസിൽ വിവരം അറിയിച്ചത്. മറയൂർ ശർക്കരയുടെ രൂപത്തിൽ തമിഴ്നാട്ടിൽ നിന്ന് തമിഴ്നാട് കരിമ്പ് ഉപയോഗിച്ച് ഉത്പാദിപ്പിച്ച ശർക്കര കേരള വിപണികളിൽ മറയൂർ ശർക്കരയായി വിറ്റഴിക്കുന്നതായി ആരോപിച്ചാണ് കർഷകർ ശർക്കര പിടികൂടിയത്. കൃഷി മന്ത്രി മറയൂർ ശർക്കരയ്ക്ക് ഭൗമ സൂചിക പദവി പത്ര കൈമാറ്റ ചടങ്ങിൽ മറയൂർ ശർക്കരയുടെ വ്യാജന്റെ വില്പന തടയാൻ കർഷകർ സഹകരിക്കണമെന്നും പിടികൂടിയാൽ കേസെടുക്കുമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കർഷകരുടെ നേതൃത്വത്തിൽ പരിശോധന നടന്നത്. മറയൂർ അഡീഷണൽ എസ്. ഐ വി.എൻ. മജീദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി ശർക്കര പരിശോധന നടത്തി. സംഘങ്ങൾ മറയൂർ പൊലീസിൽ പരാതി നൽകി.