ചെറുതോണി: ജില്ലയിൽ ഇന്നലെ മുതൽ കാലവർഷം ശക്തമാകുന്നു. ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ രാത്രിയിലും ഇടമുറിയാതെ പെയ്യുകയായിരുന്നു. ഇതോടെ വറ്റവരണ്ട തോടുകളിലും പുഴകളിലും നീരൊഴുക്ക് ശക്തമായി. കഴിഞ്ഞ വർഷം ഇതേ സമയം പെരിയാറ് നിറഞ്ഞു കവിഞ്ഞിരുന്നു. ഇത്തവണ തീർത്തും ജലമില്ലാതായ പെരിയാറിൽ ഇന്നലെ പെയ്ത മഴയോടെയാണ് നീരൊഴുക്ക് ശക്തമായത്. ജില്ലയിൽ ഇന്നലെ മുതൽ 20 വരെ അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ പലയിടങ്ങളിലും റോഡിലെ മൺതിട്ടയിടിയാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്ത് വിണ്ടുകീറിയ മൺതിട്ടകളും കുന്നുകൾക്കും കനത്ത മഴ ഭീഷണിയാണ്.