തൊടുപുഴ : കാഡ്സിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ ആരംഭിച്ച പച്ചക്കുടുക്ക പദ്ധതി കാർഷിക മേഖലയ്ക്ക് ഒരു മുതൽക്കൂട്ടാകുമെന്ന് മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. സി.കെ ജാഫർ പറഞ്ഞു. മുതലക്കോടം സേക്രട്ട് ഹാർട്ട് സ്കൂളിൽ ആരംഭിച്ച കാഡ്സ് പച്ചക്കുടുക്ക പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുക, പാഴായിപ്പോകുന്ന പച്ചക്കറികളും പഴവർഗങ്ങളും വിപണിയിലെത്തിക്കുക, സമ്പാദ്യശീലം വളർത്തുക, കുട്ടികൾക്ക് പ്രകൃതിയുമായി ഇടപഴകുന്നതിനുള്ള അവസരമൊരുക്കുക എന്നീ ലക്ഷ്യത്തോടെയാണ് സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ പച്ചക്കുടുക്ക പദ്ധതി ആരംഭിച്ചത്. കറിവേപ്പില, മുരിങ്ങയില, മത്തയില തുടങ്ങിയ ഇലവർഗ്ഗങ്ങളും വാഴപ്പിണ്ടിയും, വാഴചുണ്ടും, ചക്കക്കുരുവും വിവിധ പച്ചക്കറികളും പേരക്ക, റംബൂട്ടാൻ, തുടങ്ങിയ പഴങ്ങളും ഉൾപ്പെടെ രണ്ടായിരത്തോളം രൂപയുടെ ജൈവ ഉത്പ്പന്നങ്ങളാണ് ആദ്യ ദിനം കുട്ടികൾ സ്കൂളിൽ എത്തിച്ചത്. ആഴ്ച തോറും കുട്ടികൾക്ക് ലഭിക്കുന്ന തുക ബാങ്കിൽ നിക്ഷേപിച്ചതിന് ശേഷം വർഷാവസാനം കുട്ടികൾക്ക് വിതരണം ചെയ്യും.. അടുത്ത വർഷത്തെ വിദ്യാഭ്യാസ ചിലവിനുള്ള തുക ഇത്തരത്തിൽ കുട്ടികൾ തന്നെ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസിലി അദ്ധ്യക്ഷത വഹിച്ചു. കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ, പച്ചക്കുടുക്ക കോ - ഓർഡിനേറ്റർ കെ..എം മത്തച്ചൻ, സ്കൂൾതല കോ- ഓർഡിനേറ്റർ റെക്സി ടോം, അൻസിയ അഷറഫ് എന്നിവർ പ്രസംഗിച്ചു. സംഭരിച്ച ഉത്പന്നങ്ങൾ തൊടുപുഴ കാഡ്സ് ഓപ്പൺ മാർക്കറ്റിൽ എത്തിച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. ഈ വർഷം 20 സ്കൂളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു വർഷംകൊണ്ട് 40 ലക്ഷം രൂപയുടെ കാർഷികോൽപ്പന്നങ്ങൾ സംഭരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കോ- ഓർഡിനേറ്റർ കെ.എം മത്തച്ചൻ അറിയിച്ചു.