തൊടുപുഴ: ഡ്രൈവർമാരുടെ കാഴ്ച മറക്കുന്ന തരത്തിലുള്ള ബോർഡുകളും കാർഡുകളും നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് പൊതുമരാമത്ത് വിഭാഗം വഴിക്കണ്ണ് പദ്ധതിയുടെ യോഗത്തിൽ അറിയിച്ചു. ബസ് സ്റ്റോപ്പ് പുനക്രമീകരിക്കുന്ന സ്ഥലത്ത് സ്‌പോൺസർഷിപ്പ് മുഖാന്തിരം വെയിറ്റിംഗ് ഷെഡുകൾ നിർമിക്കും. അനധികൃത പാർക്കിംഗും വാഹനങ്ങൾ ഫുട്പാത്തും സീബ്രലൈനുകളും കൈയേറുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസും അറിയിച്ചു. റോഡുകളിൽ മുന്നറിയിപ്പു ബോർഡുകളുടെയും സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവും യോഗത്തിൽ ചർച്ചയായി. വഴിയോരക്കച്ചവടക്കാർക്കായി പ്രത്യേക സ്ഥലം ക്രമീകരിക്കണമെന്ന കാര്യവും യോഗത്തിൽ ഉന്നയിക്കപ്പെട്ടു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, ട്രേഡ് യൂണിയൻ തലങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടന പ്രതിനിധികളുടെയും യോഗമാണ് ജനമൈത്രി പൊലീസ് ഹാളിൽ നടന്നത്. വഴിക്കണ്ണ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന മെഗാ അദാലത്തിന്റെ മുന്നോടിയായിട്ടായിരുന്നു യോഗം. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും സബ് ജഡ്ജിയുമായ ദിനേശ്.എം.പിള്ള അദ്ധ്യക്ഷത വഹിച്ചു.
ട്രാക്ക് പ്രസിഡന്റ് ജെയിംസ് ടി.മാളിയേക്കൽ യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. എന്നാൽ യോഗത്തിൽ ട്രാഫിക് അഡ്വൈസറി കമ്മിറ്റി അദ്ധ്യക്ഷയായ നഗരസഭാ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി പങ്കെടുക്കാത്തതിൽ വിമർശനമുയർന്നു. പരാമർശിക്കപ്പെട്ട നിർദേശങ്ങൾ നഗരസഭ കൗൺസിലിന്റെ അംഗീകാരത്തിനു വിധേയമായി മാത്രമേ നടപ്പിലാക്കാൻ കഴിയുവെന്ന് സെക്രട്ടറി യോഗത്തിൽ അറിയിച്ചു. ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് വിശദമായ റിപ്പോർട്ട് ഒരു മാസത്തിനകം ട്രാഫിക് അഡ്വൈസറി കമ്മിറ്റിയ്ക്കു സമർപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.