തൊടുപുഴ: ത്രിതല പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കായി കോൺഗ്രസ് നേതൃത്വത്തിൽ വിഷൻ 2020 നേതൃത്വ പരിശീലന ക്യാമ്പ് 20, 21 തിയതികളിൽ തൊടുപുഴ ഇടവെട്ടി മാർത്തോമയിൽ നടക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 20ന് രാവിലെ 10.30നു മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 12.15ന് ചരിത്ര അവതാരകൻ വി.കെ.എൻ പണിക്കർ ക്ലാസെടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും നാലിനു ഡീൻ കുര്യാക്കോസ് എം.പിയും ക്യാമ്പിൽ എത്തും. തുടർന്ന് സംഘടനാ പ്രമേയവും മോട്ടിവേഷൻ ക്ലാസും നടക്കും. 21ന് രാവിലെ ഒമ്പതിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ക്യാമ്പിൽ പങ്കെടുക്കും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ ബൂത്ത് പ്രസിഡന്റുമാർക്ക് പ്രതിപക്ഷ നേതാവ് മെമന്റോ സമ്മാനിക്കും. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെപിസിസി വക്താവ് ജോസഫ് വാഴയ്ക്കൻ എന്നിവരും ക്യാമ്പിൽ പങ്കെടുക്കും. 11ന് സമകാലിക ദേശീയസംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി എന്ന വിഷയത്തിൽ അഡ്വ. എ. ജയശങ്കർ സംസാരിക്കും. 3.30 ന് നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ മണ്ഡലം പ്രസിഡന്റുമാർ വരെയുള്ള 350 പേർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ, മുൻ ഡി.സി.സി പ്രസിഡന്റ് ജോയി തോമസ് എന്നിവർ പങ്കെടുത്തു.