രാജാക്കാട്: പൂപ്പാറ കുമളി സംസ്ഥാന പാതയിൽ പാമ്പാടുംപാറയ്ക്ക് സമീപം മരവും വൈദ്യുത പോസ്റ്റും വീണ് ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. മരം വൈദ്യുത ലൈനിന് മുകളിലേയ്ക്ക് പതിച്ചതിനെത്തുടർന്ന് ഇരുമ്പ് പോസ്റ്റ് ഒടിഞ്ഞ് റോഡിന് കുറുകെപ്പതിച്ചു. കെ.എസ്.ഇ.ബി ജീവനക്കാരു , നെടുങ്കണ്ടം ഫയർഫോഴ്സ് യൂണിറ്റും എത്തിയാണ് തടസ്സം നീക്കം ചെയ്തത്. വ്യാഴാഴ്ച്ച രാത്രി ആരംഭിച്ച മഴ പുലർച്ചയോടെയാണ് ശക്തമായത്. റോഡരികിലെ ഏലത്തോട്ടത്തിൽ നിന്നിരുന്ന ചുവട് ദ്രവിച്ച മരം 33 കെ.വി ലൈൻ പൊട്ടിച്ചുകൊണ്ട് റോഡിലേയ്ക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഇതോടൊപ്പം ഇരുമ്പ് പോസ്റ്റ് ചുവടെ വളഞ്ഞ് പാതയ്ക്ക് കുറുകെ വീണു. കനത്ത വാഹന ഗതാഗതമുള്ള പാതയാണെങ്കിലും അപകട സമയത്ത് വാഹനങ്ങൾ,ഇല്ലാതിരുന്നതുകൊണ്ട് കൂടുതൽ നാശങ്ങൾ ഉണ്ടായില്ല. പിന്നീട് എത്തിയ വാഹനങ്ങളിലെ ആളുകൾ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സും വൈദ്യുത ബോർഡ് ജീവനക്കാരും എത്തിച്ചേർന്ന് ഏറെ നേരം കൊണ്ടാണ് തടസ്സങ്ങൾ നീക്കിയത്. പുതിയ ലൈനിന്റെ പണികൾ പൂർത്തീകരിച്ച് കമ്മീഷൻ ചെയ്യും മുൻപ് രണ്ടാമത് തവണയാണ് ഈ റൂട്ടിൽ മരം വീണ് പോസ്റ്റുകൾ തകരുന്നത്. ജൂണിൽ പെയ്ത മഴയിലും മരങ്ങൾ വീണതിനെത്തുടർന്ന് പലയിടത്തും വൈദ്യുതക്കാലുകളും, കമ്പികളും പൊട്ടിയിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം കെ.എസ്.ഇ.ബിയ്ക്ക് വന്നിരിയ്ക്കുന്നത്. തോട്ടം മേഖലയിലൂടെയാണ് ഈ ഭാഗത്ത് റോഡ് കടന്നുപോകുന്നത്. ഇരുവശത്തും വർഷങ്ങൾ വർഷങ്ങൾ പഴക്കമുള്ളതും, ചുവട് ദ്രവിച്ചതുമായ ശീമമുരിക്ക് ഉൾപ്പെടെയുള്ള നൂറുകണക്കിന് വൻ മരങ്ങളാണ് നിൽക്കുന്നത്. ചെറു കാറ്റടിച്ചാൽപ്പോലും മറിഞ്ഞുവീഴുകയും, ശിഖരങ്ങൾ ഒടിഞ്ഞുവീഴുകയും ചെയ്യുന്ന ഇവ യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷിതത്വത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.