ഇടുക്കി: ഭൗമസൂചികാപദവി ലഭിച്ചതോടെ മറയൂർ ശർക്കരയുടെ മാധുര്യം ഇനി ലോകമെമ്പാടുമെത്തുമെന്ന പ്രതീക്ഷയിലാണ് മറയൂരിലെ കർഷകർ. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ വിളയുന്ന കരിമ്പുകളിൽ നിന്നാണ് മറയൂർ ശർക്കര ഉത്പാദിപ്പിക്കുന്നത്. മറ്റ് മേഖലകളിൽ നിന്നുള്ളതിനേക്കാൾ ഗുണനിലവാരം മറയൂർ ശർക്കരയ്ക്ക് കൂടുതലാണെന്ന് പരിശോധനകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചെളി, കീടനാശിനി പ്രയോഗം എന്നിവ കുറവും ഐയൺ, കാത്സ്യം എന്നിവ കൂടുതലുമാണ്. പരമ്പരാഗതരീതിയിൽ ഉരുട്ടി എടുത്താണ് നിർമ്മാണം. ഉപ്പിന്റെ സാന്നിധ്യം കുറവ്, ഔഷധഗുണം കൂടുതൽ.
ടിപ്പുവിന്റെ കാലത്തെ കുടിയേറ്റക്കാർ
ടിപ്പുസുൽത്താന്റെ ഭരണക്കാലത്ത് തമിഴ്നാട്ടിൽ നിന്ന് മറയൂർ, കാന്തല്ലൂർ മേഖലകളിൽ കുടിയേറിയവരാണ് കരിമ്പ് കൃഷി ചെയ്ത് തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. ഇന്ന് മറയൂർ, കാന്തല്ലൂർ മേഖലകളിൽ 1600 ഹെക്ടറിൽ അധികം പാടങ്ങളിൽ കരിമ്പ് കൃഷി ചെയ്യുന്നുണ്ട്. 12 മാസത്തെ കാലയളവിലാണ് കരിമ്പുകൾ വിളവെടുക്കുന്നത്.
ശർക്കര നിർമ്മാണം ഇങ്ങനെ
പുല്ലുകൊണ്ട് പരമ്പരാഗതമായി മേഞ്ഞുണ്ടാക്കിയ ആലപ്പുരകളിലാണ് ശർക്കര നിർമ്മാണം. ആലപ്പുരകളിൽ കെട്ടുകളായി എത്തിക്കുന്ന കരിമ്പുകൾ യന്ത്രസഹായത്തോടെ പിഴിഞ്ഞെടുക്കുകയാണ് പതിവ്. 650 മുതൽ 700 ലിറ്റർവരെ കരിമ്പിൻ നീര് ഒറ്റ സംസ്‌കരണത്തിൽ ലഭിക്കും. വലിയ പാത്രത്തിൽ ശേഖരിക്കുന്ന കരിമ്പിൻനീര് മൂന്ന് മണിക്കൂറോളം ചൂടാക്കും. വലിയ സംഭരണിപോലുള്ള ഈ പാത്രം കൊപ്രയെന്നാണ് അറിയപ്പെടുന്നത്. അടുപ്പും പാത്രവും തമ്മിൽ ആറടിയോളം പൊക്കമുണ്ട്. പിഴിഞ്ഞെടുക്കുന്ന കരിമ്പുകളുടെ ചണ്ടിയാണ് തീയായി ഉപയോഗിക്കുന്നത്. പായസ പരുവമാകുന്നതുവരെ ചൂടാക്കുന്ന കരിമ്പിൻ നീര് തടികൊണ്ട് നിർമ്മിച്ച പന്നയെന്നറിയപ്പെടുന്ന വലിയ പാത്രത്തിലേക്ക് മാറ്റും. തുടർന്ന് കൈകൊണ്ടുതന്നെ ഉരുട്ടിയെടുത്താണ് ശർക്കര നിർമ്മിക്കുന്നത്.
വില
70 രൂപ മുതൽ 120 രൂപവരെയാണ് മറയൂർ ശർക്കരയുടെ വില. ഏലം, ചുക്ക്, ഔഷധ കൂട്ടുകൾ എന്നിവ ചേർക്കുന്നതിന് വില കൂടുതലാണ്.
'ദിനംപ്രതി 200 മുതൽ 600 കിലോ വരെ ശർക്കര ഉണ്ടാക്കും. ഓണവിപണിയാകുന്നതോടെ മറയൂർ ശർക്കരയ്ക്ക് ആവശ്യക്കാർ കൂടും" -ബാലസുബ്രമണ്യം (കർഷകൻ)