കുളമാവ്: വടക്കേപ്പുഴയിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് കൃഷിയിടം വെള്ളത്തിലായി. കലംകമഴ്ത്തി പോത്തുമറ്റം എന്നിവിടങ്ങളിൽ നിന്നുള്ള തോടുകളിലെ വെള്ളമാണ് വടക്കേപ്പുഴയിലേക്ക് ഒഴുകിയെത്തുന്നത്. കനത്ത മഴയിൽ ഇരുതോടുകളിൽ നിന്നും വൻ തോതിൽ മലവെള്ളം കുത്തിയൊഴുകിയെത്തി. ഇരുപത്തഞ്ചോളം കുടുംബങ്ങളുടെ കൃഷയിടമാണ് ഇവിടുണ്ടായിരുന്നത്. വെള്ളം പൊങ്ങിയതിനെ തുടർന്ന് കപ്പ, വാഴ, കൊക്കോ, ഏലം, കുരുമുളക്, ജാതി, ഗ്രാമ്പു, കാപ്പി എന്നിവ വെള്ളത്തിലായി. വടക്കേപ്പുഴ ഡൈവർഷൻ പദ്ധതിയുടെ ഭാഗമായി കുളമാവ് പോലീസ് സ്റ്റേഷന് മുൻ വശത്ത് കെട്ടിയ തടയണ കവിഞ്ഞും വെള്ളമൊഴുകുന്നുണ്ട്. ഇടുക്കി ഡാമിലേക്ക് വെള്ളം പമ്പ് ചെയ്ത് കൊണ്ടുപോകുന്നതിനാണ് ഇവിടെ തടയണ കെട്ടിയത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂന്ന് പമ്പ് ഉപയോഗിച്ച് വെള്ളം നീക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.
വർഷങ്ങൾക്ക് മുമ്പ് വടക്കേപ്പുഴ ഡൈവർഷൻ പദ്ധതിക്കായി വടക്കനാറിന്റെ ഇരുവശങ്ങളിലുമായി 30 ഏക്കറോളം ഭൂമി കെ.എസ്.ഇ.ബി. എറ്റെടുത്തിരുന്നു. ഇതിന് ഇരുവശത്തുമുള്ള ഭൂമിയിലാണ് എല്ലാ മഴക്കാലത്തും വെള്ളം ഉയരുന്നത്.