തൊടുപുഴ: വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ ജില്ലയിൽ ഇന്നലെയോടെ ശക്തമായി. കനത്ത മഴയിൽ ജില്ലയിലെമ്പാടും വ്യാപകമായി നാശനഷ്ടങ്ങളുണ്ടായി. ഹൈറേഞ്ചിൽ പലയിടത്തും മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസപ്പെട്ടു. വാഗമൺ തീക്കോയി റൂട്ടിൽ മണ്ണിടിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കോഴിപ്പള്ളി, വിമലഗിരി, എന്നിവിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. തൊമ്മൻകുത്ത് ചപ്പാത്തിൽ വെള്ളം ഉയർന്നതിനേത്തുടർന്ന് കാളിയാർ മേഖലയിലെ തോട്ടങ്ങളിലെല്ലാം വെള്ളം കയറി. രാത്രി വൈകിയും ശക്തമായ മഴ തുടരുകയാണ്. ഇതോടെ പലപ്രദേശങ്ങളും ഉരുൾപൊട്ടൽ ഭീഷണിയിലാണ്. കഴിഞ്ഞ വർഷം പ്രളയം വലിയ തോതിൽ നാശം വിതച്ച ജില്ലയായിരുന്നു ഇടുക്കി.
മഴ താലൂക്ക് തിരിച്ച്
ഇടുക്കി- 120.8 എം.എം
ഉടുമ്പഞ്ചോല- 52.6
ദേവികുളം- 76
തൊടുപുഴ- 118.8
പീരുമേട്- 147
ഡാമുകളിലെ ജലനിരപ്പുയരുന്നു
ഇടുക്കി ഡാമിലെ ജലനിരപ്പ് ഒരടി ഉയർന്ന് 2304.40 ആയി. കഴിഞ്ഞ വർഷം ഇതേസമയം ഇത് 2380.46 അടിയായിരുന്നു. വ്യാഴാഴ്ച 2303. 52 അടിയായിരുന്നു ജലനിരപ്പ്. 2403 അടിയാണ് ഡാമിലെ പരമാവധി സംഭരണശേഷി. ഇന്നലെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 120.80 എം.എം മഴ ലഭിച്ചു. കഴിഞ്ഞ വർഷത്തേതിലും 76 അടി വെള്ളം അണക്കെട്ടിൽ കുറവാണ്. സംഭരണശേഷിയുടെ 13.07 ശതമാനമാണ് ജലനിരപ്പ്. മുലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 112.1 അടിയായി. 142 അടിയാണ് പരമാവധി സംഭരണശേഷി.
മൂന്ന് ഡാമുകൾ തുറന്നു
അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ കല്ലാർകുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടർ തുറന്നു. 455.70 അടി വെള്ളമുയർന്ന കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടർ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു ഉയർത്തിയത്. രണ്ട് ഷട്ടറുകൾ 10 സെ.മീ വീതം ഉയർത്തി 15 ക്യുമെക്‌സ് വരെ വെള്ളമാണ് സെക്കൻഡിൽ പുറത്തേക്കൊഴുക്കുന്നത്. രാവിലെ 8.13നായിരുന്നു പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നത്. 252.60 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. 15 ക്യുമിക്‌സ് വെള്ളം അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ പുറത്തേക്കൊഴുക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ 30 സെ.മീ വീതം ഉയർത്തി. ഡാമിലെ വെള്ളത്തിന്റെ അളവ് 41.26 മീറ്ററായി ഉയർന്നിരുന്നു. 42 മീറ്ററാണ് ഡാമിലെ വെള്ളത്തിന്റെ പരമാവധി സംഭരണ ശേഷി. ശക്തമായ മഴ തുടർന്നാൽ മറ്റ് ഷട്ടറുകളും തുറന്നേക്കും. പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് എം.വി.ഐ.പി അധികൃതർ അറിയിച്ചു.