മദ്യലഹരിയിൽ സുഹൃത്തുക്കൾ വിഷ്ണുവിനെ മർദ്ദിച്ചശേഷം നിലത്തിട്ട് വലിച്ചു

രാജാക്കാട് : ഉടുമ്പൻചോല കൈലസനാട് യുവാവിനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിന്റെ പരാതിയെത്തുടർന്ന് 3 യുവാക്കളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൈലാസനാട് അശോകവനം അറപ്പുരക്കുഴിയിൽ വിഷ്ണു (20) നെ 2018 ഡിസംബർ 22ന് രാത്രി 9ന് വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മാതാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉടുമ്പൻചോല വെട്ടിക്കുഴിച്ചാലിൽ ജോബിൻ(25), കരിമ്പിൻമാവിൽ അനന്ദു (23), വെട്ടിക്കുഴിച്ചാലിൽ ജസ്റ്റിൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, സംഘം ചേർന്ന് മർദ്ദിക്കൽ എന്നി വകുപ്പുകളാണ് ചുമത്തിയത്. മരിച്ച വിഷ്ണുവും പ്രതികളും കൂട്ടുകാരായിരുന്നു. മദ്യപിച്ച ശേഷം ഇവർ പരസ്പരം ഏറ്റുമുട്ടുന്നത് പതിവായിരുന്നു. ഏറ്റുമുട്ടലിനു ശേഷം ഇവർ വീണ്ടും സുഹൃത്തുക്കളാകും. വിഷ്ണു മരിച്ച ദിവസവും പരസ്പരം ഇവർ ഏറ്റുമുട്ടി. വിഷ്ണുവിനെ മർദിച്ച് ശേഷം നിലത്തിട്ട് വലിക്കുകയും ചെയ്‌തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇതിനുശേഷം വിഷ്ണു മരത്തിൽ കയറി ആത്മഹത്യ ചെയ്തതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. സംഭവം നടക്കുന്ന സമയം മരിച്ച വിഷ്ണുവും പ്രതികളും മദ്യലഹരിയിലായിരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞു. മൃദേഹത്തിൽ മുറിവുകൾ കണ്ട വിവരം സഹോദരൻ ജിഷ്ണു പൊലീസിൽ അറിയിച്ചെങ്കിലും പരിഗണിയ്ക്കപ്പെട്ടിരുന്നില്ല. മൂന്നാർ ഡിവൈ.എസ്.പിയെ മാതാവ് തങ്കമ്മ പരാതിയുമായി സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് ഇവർ മാർച്ച് 8 ന് മുൻ ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാലിന് പരാതി നൽകി. കേസിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധവും ക്രിമിനൽ പശ്ചാത്തലവും കാരണം സാക്ഷികൾ സത്യം പറയാൻ മടിക്കുകയാണെന്നും തങ്കമ്മ ആരോപണവുമായി രംഗത്തെത്തി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ആന്റണി, എസ്.ഐമാരായ എം.വി. ലത്തീഫ്, കെ.ഡി. സ്വരൂപ്, എ.എസ്.ഐ പി.കെ. അനിരുദ്ധൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.