തൊടുപുഴ: മുമ്പൊക്കെ ഒരു ലൈസൻസിനോ വാഹനരജിസ്ട്രേഷനോ വേണ്ടി എത്രവട്ടം ആർ.ടി ഓഫീസിൽ കയറിയിറങ്ങിയാലും കാര്യം നടക്കില്ലായിരുന്നു. എന്നാൽ ഇപ്പോൾ കഥ മാറി. ലോകത്തെവിടെയിരുന്നും അപേക്ഷ നൽകിയാൽ മിനിട്ടുകൾക്കകം കാര്യം നടക്കും. മോട്ടോർ വാഹന വകുപ്പിന്റെ 'വാഹൻ- സാരഥി' പദ്ധതി വന്നതോടെയാണ് സേവനങ്ങളെല്ലാം ശരവേഗത്തിലായത്. മോട്ടോർ വാഹന വകുപ്പിൽ നിന്ന് പൊതുജനത്തിന് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് വ്യാപകമായ ആക്ഷേപത്തെ തുടർന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് രാജ്യ വ്യാപകമായി 'വാഹൻ- സാരഥി" പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ഡിസംബറിലാണ് പദ്ധതി ആരംഭിച്ചതെങ്കിലും സംസ്ഥാനത്ത് കഴിഞ്ഞ ഏപ്രിൽ നാല് മുതലാണ് നടപ്പിലായത്. ആദ്യം കേന്ദ്ര സർക്കാർ നിയോഗിച്ച ഏജൻസിക്കായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല. എന്നാൽ സേവനം കൃത്യമല്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പിനെ തന്നെ പദ്ധതിയുടെ നടത്തിപ്പ് ചുമതല നൽകുകയായിരുന്നു.
വാഹൻ- സാരഥി എന്ത്
വാഹനങ്ങളുടെ രജിസ്ട്രേഷനടക്കമുള്ള കാര്യങ്ങൾ 'വാഹൻ" പദ്ധതിയിലൂടെയും ഡ്രൈവർമാർക്ക് വേണ്ട സേവനങ്ങൾ സാരഥി പദ്ധതിയിലൂടെയും ലഭ്യമാകും. ലോകത്ത് എവിടെയിരുന്നും ആർ.ടി.ഒ, ജോയിന്റ് ആർ.ടി ഓഫീസുകളിൽ വാഹന രജിസ്ട്രേഷനും ലൈസൻസിനുമുള്ള അപേക്ഷ നൽകാം. രേഖകൾ കൃത്യമാണെങ്കിൽ അഞ്ച് മിനിറ്റിനകം സേവനം ലഭ്യമാകും. പാസ്‌വേഡ് ഉപയോഗിച്ച് എവിടെയിരുന്നും രേഖകൾ ഡൗൺ ലോഡ് ചെയ്യാനും സാധിക്കും.
തൊടുപുഴയിലും വൻവിജയം
തൊടുപുഴ ജോയിൻ്റ് ആർ.ടി ഓഫീസിൽ സേവനം ലഭിച്ചവർ- 3,370
രജിസ്ട്രേഷൻ നടത്തിയവർ- 1692
ലൈസൻസ് ലഭിച്ചവർ- 1,678
500ൽ പരം രജിസ്ട്രേഷൻ മുടങ്ങി കിടക്കുന്നു
വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഹൈസെക്യൂരിറ്റി നമ്പർ പ്ളേറ്റിന്റെ രേഖകൾ സംബന്ധിച്ചുള്ള വിവരവും ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിക്കണം. എന്നാൽ ഈ രേഖകൾ സമർപ്പിക്കാത്തതിനാൽ തൊടുപുഴ ജോയിന്റ് ആർ.ടി ഓഫീസിൽ അഞ്ഞൂറിൽപ്പരം വാഹനങ്ങളുടെ രജിസ്ട്രേഷനാണ് മുടങ്ങി കിടക്കുന്നുണ്ട്.
''തൊടുപുഴ ജോയിന്റ് ആർ.ടി ഓഫീസിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒരു ദിവസം ശരാശരി നാല്പതോളം അപേക്ഷകൾ ഓൺലൈനായി ലഭിക്കുന്നുണ്ട്. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേകകൾ കൃത്യമാണെങ്കിൽ അധികം താമസിയാതെ തന്നെ ആർ.സി ബുക്കും ലൈസൻസും നൽകുന്നുണ്ട്.
-ശങ്കരൻ പോറ്റി, ജോയിൻ്റ് ആർ.ടി.ഒ, തൊടുപുഴ