രാജാക്കാട്: ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിലെ എം.ബി.എം ക്രഷറിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ മോഷ്ടിച്ച സംഭവത്തിൽ പാറമട ജീവനക്കാർ ഉൾപ്പെടെ ആറ് പേരെ ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടുംപാറ സന്യാസിഓട ആദിയാർപുരം സ്വദേശികളായ ചേരിയ്ക്കൽ രതീഷ് (34), ശ്രീജിത്ത് (27), പനക്കസിറ്റി പുത്തൻപുരയ്ക്കൽ സതീഷ് എന്ന് വിളിക്കുന്ന രതീഷ് (35), പനക്കസിറ്റി പുത്തൻപുരയ്ക്കൽ ശശിയുടെ വീട്ടിൽ താമസിക്കുന്ന കോഴിക്കോട് അത്തൂർകുന്ന് ഈട്ടിപ്പറമ്പിൽ വിശ്വനാഥൻ (50), തൂക്കുപാലം അറക്കുളംപടി ബ്ളോക്ക് 421 ൽ താമസിക്കുന്ന പാട്ടപ്പറമ്പിൽ ഭദ്രൻ (63), ബാലഗ്രാം പുതുപ്പുരയ്ക്കൽ ശശിധരൻ (51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒന്നുമുതൽ നാലുവരെയുള്ളവർ നേരിട്ട് മോഷണം നടത്തിയവരും മറ്റ് രണ്ടുപേർ മോഷണവസ്തുക്കൾ വാങ്ങിയവരുമാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ആറിന് രാത്രി 11.45ന് രതീഷ്,​ സതീഷ്,​ വിശ്വനാഥൻ,​ ശ്രീജിത്ത് എന്നിവർ ചേർന്ന് ശ്രീജിത്തിന്റെ ജീപ്പിൽ പാറമടയ്ക്ക് സമീപത്തെ എസ്റ്റേറ്റ് റോഡിൽ എത്തി. ഇടവഴിയിലൂടെ ക്വാറിയിൽ കടന്ന് അവിടെ നിറുത്തിയിട്ടിരുന്ന ഹിറ്റാച്ചിയിൽ നിന്ന് ചുറ്റിക എടുത്ത് ഗോഡൗണിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കടന്നു. 100 കിലോ നൈട്രേറ്റ് മിക്സ്ചറും 2000 ഡിറ്റണേറ്ററുകളും മോഷ്ടിച്ച് ജീപ്പിൽ സന്യാസിഓടയിൽ രതീഷിന്റെ വീട്ടിൽ എത്തിച്ചു. പിറ്റേന്ന് രാവിലെ എട്ടിന് തൂക്കുപാലത്ത് ഭദ്രന്റെ വീട്ടിൽ എത്തി 500 ഡിറ്റണേറ്ററും 500 ഓളം പശയും വിറ്റ് 14,000 രൂപ വാങ്ങി. തുടർന്ന് 500 ഡിറ്റണേറ്ററും 500 ഓളം പശയും ബാലഗ്രാമിൽ ശശിധരന്റെ വീട്ടിൽ കൊണ്ടുചെന്ന് നൽകി. 20,000 ഇതിന്റെ വിലയായി വാങ്ങി. മോഷണമുതലാണെന്ന അറിവോടെയാണ് വാങ്ങിയതെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. ആറ് വർഷമായി പാറമടയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മോഷണം നടത്തിയത്. മോഷണം പോയ ഡിറ്റണേറ്ററുകളിൽ പാതിയോളം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബാക്കി ഭാഗത്തിനായി ഹൈറേഞ്ച് മേഖലയിൽ അന്വേഷണം വ്യാപിപ്പിച്ചു. ഭദ്രന് വിറ്റതിൽ 11കിലോ ജലാറ്റിൻ സ്റ്റിക്കും 100 ഡിറ്റണേറ്ററുകളും, ശശിധരന് വിറ്റതിൽ 44 കിലോ ജലാറ്റിൻ സ്റ്റിക്കും, 500 ഡിറ്റണേറ്ററുകളും സ്‌ഫോടക വസ്തുക്കൾ കടത്താൻ ഉപയോഗിച്ച ജീപ്പും പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ ഇടുക്കി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി സംസ്ഥാന തലത്തിലുള്ള ഉദ്യോഗസ്ഥരുമായി ജില്ലാ പൊലീസ് കൂടിയാലോചന നടത്തും. പ്രതികളിൽ നിന്ന് സ്‌ഫോടക വസ്തു വാങ്ങിയ മറ്റുള്ളവർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. സംസ്ഥാന എക്സ്‌പ്ലോസീവ് വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നാർ ഡിവൈ.എസ്.പി രമേഷ് കുമാർ, ഉടുമ്പൻചോല സി.ഐ അനിൽ ജോർജ്, ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷൽ സ്‌ക്വാഡ് അംഗങ്ങളായ സൈബർ സെൽ എസ്.ഐ ജോബി തോമസ്, എ.എസ്.ഐമാരായ സി.വി. ഉലഹന്നാൻ, സജി എൻ. പോൾ, തങ്കച്ചൻ മാളിയേക്കൽ, എം.ആർ സതീഷ്, സലീൽ രവി, ടി.എസ് രാജൻ, ഉടുമ്പൻചോല സ്റ്റേഷനിലെ സ്‌ക്വാഡ് അംഗങ്ങളായ പി.എച്ച് ഇബ്രാഹിം, എ. സജി, സി.വി സനീഷ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.