കട്ടപ്പന: ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് നടക്കും. കട്ടപ്പന ലയൺസ് ഹാളിൽ വൈകിട്ട് 6.30ന് ലയൺസ് പാസ്റ്റ് ഡിസ്ട്രിക് ഗവണർ ഡോ.ബിനോയി മത്തായി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നിർവഹിക്കും. സേവന പദ്ധതികൾ നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റായി ജോർജ്ജ് തോമസും സെക്രട്ടറിയായി അമൽ മാത്യുവും ട്രഷററായി കെ.സി.ജോസും ചുമതലയേൽക്കും. സ്‌കൂളുകളിൽ വായനാശീലം വളർത്തുക, ജൈവ പച്ചക്കറി കൃഷിയെപ്പറ്റി വിദ്യാർത്ഥികളിൽ അവബോധം വളർത്തുക, പ്രമേഹരോഗ നിർമ്മാർജ്ജനത്തിനായി തീവ്ര ബോധവത്കരണം, പാലിയേറ്റീവ് കെയർ, ഭവന നിർമ്മാണ പദ്ധതിയായ സ്‌നേഹഭവനം, ഔഷധ സസ്യകൃഷി പ്രോത്സാഹനം തുടങ്ങിയ വിപുലമായ സേവന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കട്ടപ്പന ലയൺസ് ക്ലബിന്റെ 39-ാമത് ഭാരവാഹികളാണ് സ്ഥാനമേൽക്കുന്നത്.