ഇടുക്കി: ജില്ലയ്ക്ക് അനുവദിച്ച 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് വരുന്ന വർഷങ്ങളിൽ വിവിധ പദ്ധതികൾക്കായി വിനയോഗിക്കുമെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ. കട്ടപ്പന ടൗൺ ഹാളിൽ നടന്ന ജനകീയം ഈ അതിജീവനം സാമൂഹിക സംഗമം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണ മേഖലയുടെ സഹായത്തോടെ 2000 ഫ്ളാറ്റുകളുടെ നിർമ്മാണം പൂർത്തിയാക്കാനും സർക്കാർ പദ്ധതി ആരംഭിക്കും. ഇ.എസ്. ബിജിമോൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. റോഷി അഗസ്റ്റ്യൻ എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കളക്ടർ എച്ച്. ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രളയകാലത്തെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളായ 41 വിവിധ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. കെയർ ഹോം പദ്ധതിയിൽ പൂർത്തിയായ വീടുകളുടെ താക്കോൽദാനം, വയറിംഗ് കിറ്റ് വിതരണം, പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ലഭ്യമായ ഭൂമിയുടെ കൈവശവകാശ രേഖകളുടെ വിതരണം എന്നിവയും ചടങ്ങിൽ നടന്നു. കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാഞ്ചിയാർ രാജൻ, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി, അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് എ.എൽ ബാബു, ദേവികുളം സബ് കളക്ടർ ഡോ. രേണുരാജ്, എ.ഡി.എം ആന്റണി സ്‌കറിയ, ആർ.ഡി.ഒ അതുൽ എസ്. നാഥ് തുടങ്ങിയവർ പങ്കെടുത്തു.