ആദ്യ പോസ്റ്ര്‌മോർട്ടത്തിൽ പിശക്: ജുഡി. കമ്മിഷൻ
ഇടുക്കി: പീരുമേട് സബ്ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച രാജ്കുമാറിന്റെ മൃതദേഹം ഒരാഴ്ചയ്ക്കകം റീ പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് ജുഡിഷ്യൽ കമ്മിഷൻ ജസ്റ്റിസ് നാരായക്കുറുപ്പ് പറഞ്ഞു. പീരുമേട് സബ്‌ജയിലും താലൂക്ക് ആശുപത്രിയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനുള്ള ഡോക്ടർമാരുടെ സംഘത്തെ സംബന്ധിച്ച് ഏകദേശ ധാരണയായി. ആദ്യ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ജുഡിഷ്യൽ കമ്മിഷന്റെ നിഗമനം.
ക്രൈംബ്രാഞ്ചിനും രാജ്കുമാറിന്റെ വീട്ടുകാർക്കും ഇതേക്കുറിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്കുമാറിനെ രക്ഷിക്കാനുള്ള ഒരു നടപടിയും ഡോക്ടർമാരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ലെന്ന് നാരായണക്കുറുപ്പ് പറഞ്ഞു. സാധാരണ ഒ.പി കേസായാണ് കൈകാര്യം ചെയ്തത്. വിദഗ്ദ്ധ ചികിത്സ നൽകിയില്ല. ജയിൽ അധികൃതരിൽ നിന്നും രാജ്കുമാറിന്റെ സഹതടവുകാരിൽ നിന്നും കമ്മിഷൻ മൊഴിയെടുത്തു.
നെടുങ്കണ്ടം സ്റ്റേഷനിൽ ക്രൂര മർദ്ദനമേറ്റെന്ന് രാജ്കുമാർ പറഞ്ഞതായി സഹതടവുകാരൻ മൊഴി നൽകി. സബ്ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ചകളെക്കുറിച്ചും പരിശോധിക്കും. ജയിൽ ഡി.ഐ.ജിയിൽ നിന്ന് വകുപ്പുതല അന്വേഷണറിപ്പോർട്ട് ആവശ്യപ്പെടും. രാജ്കുമാറിന്റെ കോലാഹലമേട്ടിലെ വീട്, പോസ്റ്റ്മോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, സംസ്കരിച്ച പള്ളി എന്നിവിടങ്ങളിൽ ജസ്റ്റിസ് നാരായണ കുറുപ്പ് ഉടൻ സന്ദർശനം നടത്തും.