ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതായതോടെ ആയിരണക്കണക്കിന് രോഗികൾ ദുരിതത്തിലായി. പനി ഉൾപ്പെടെയുള്ള മഴക്കാല രോഗങ്ങൾ പടർന്നു പിടിക്കുമ്പോഴാണ് വിദഗ്ദ്ധ ഡോക്ടർമാരില്ലാതെ ആശുപത്രിയിലെത്തുന്നവർ ബുദ്ധിമുട്ടുന്നത്. പണമുള്ളവർ സ്വകാര്യ ആശുപത്രികളിലേക്കും മറ്റും പോവുകയാണ്. ഇതിന് ഗതിയില്ലാത്ത പാവങ്ങളുടെ അസ്ഥയാണ് കഷ്ടം. ജനറൽ മെഡിസിനിലും മറ്റും ഡോക്ടർമാർ ഉണ്ട്. മെഡിക്കൽ കോളേജിൽ നിയമിതരായ പല ഡോക്ടർമാരും മാസത്തിൽ ഒരു ദിവസം മാത്രം വന്ന് എല്ലാ ഒപ്പും ഒന്നിച്ചിട്ട ശേഷം മടങ്ങുകയാണെന്ന് ആക്ഷേപമുണ്ട്. ഇവരിൽ പലരും മറ്റ് സ്വകാര്യ ആശുപത്രികളിൽ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും ചിലർ വിദേശത്താണെന്നും ആരോപണമുണ്ട്. പി.ജി കഴിഞ്ഞവരെ സീനിയർ റസിഡന്റായി എല്ലാ മെഡിക്കൽ കോളേജിലും നിയമിക്കാറുണ്ടെങ്കിലും ഇടുക്കിക്കാരോട് ഇക്കാര്യത്തിലും കടുത്ത അവഗണനയാണ് സർക്കാർ കാട്ടുന്നത്. നിയമിതരായവർ ആശുപത്രിയിൽ വരാതിരിക്കുന്നതിന് മെഡിക്കൽ കോളേജ് അധികൃതരുടെ അറിവോടെയാണെന്നാണ് വിവരം.

ശിശുരോഗവിദഗ്ദ്ധർ അഞ്ചുണ്ടെങ്കിലും കാണാനില്ല

മെഡിക്കൽ കോളേജിൽ നിലവിൽ ഡോ. ജാനറ്റ്, ഡോ. സജിത്ത്, ഡോ. ബിന്ദു, ഡോ. അനന്ദ കേശു, ഡോ. ജനി എന്നീ അഞ്ച് ശിശുരോഗ വിദഗ്ദ്ധരാണുള്ളത്. എന്നാൽ ഇവരാരും കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയിലെത്തുന്നില്ല. ഡോക്ടർമാരായ സജിത്തും ജാനറ്റും പതിവായി ആശുപത്രിയിൽ വരാറുണ്ട്. എന്നാൽ ഇപ്പോൾ ഇരുവരും ഒരു സെമിനാറിന് പങ്കെടുക്കുന്നതിനായി അവധിയിലാണ്. എന്നാൽ മറ്റ് മൂന്ന് പേരും കുട്ടികളെ പരിശോധിക്കാൻ എത്താറില്ലെന്ന് രോഗികൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ശിശുരോഗ വിദഗ്ദ്ധർ ഒരാൾ പോലും ഇല്ലാതെ വന്നതോടെ കുട്ടികളെ ചികിത്സിക്കാനെത്തിയവരെല്ലാം തിരികെ മടങ്ങി. ഇന്നലെ മാത്രം ഇരുന്നൂറോളം കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ജനൽ മെഡിസിനിലെ ഡോക്ടർമാരെ കാണിച്ചാലും ശിശുരോഗവിദഗദ്ധനെ കാണി്കകാനാണ് നിർദ്ദേശിക്കുന്നത്.