തൊടുപുഴ: കേരളത്തിന്റെ തെരുവോരങ്ങളിൽ സി.പി.എം അണികൾ അഴിഞ്ഞാടുകയാണെന്ന് കെ. മുരളീധരൻ എം.പി. തൊടുപുഴ ഇടവെട്ടിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നേതൃത്വ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധ സമീപനങ്ങൾക്കുണ്ടായ തിരിച്ചടിയാണ് പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലമെന്ന് തിരിച്ചറിഞ്ഞ് തെറ്റ് തിരുത്തുന്നതിന് പകരം വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചും കാരുണ്യ പദ്ധതി നിറുത്തലാക്കിയും ജനങ്ങളോട് പക വീട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, കെ.സി. ജോസഫ് എം.എൽ.എ, സണ്ണി ജോസഫ് എം.എൽ.എ, നേതാക്കളായ എ.കെ. മണി, അഡ്വ.ഇ എം അഗസ്തി, അഡ്വ.ജോയി തോമസ്, എം.ടി. തോമസ്, റോയി കെ. പൗലോസ്, അഡ്വ. എസ്. അശോകൻ, പി.വി. സ്‌കറിയ, തോമസ് മാത്യു കക്കുഴി, അഡ്വ. കെ.കെ മനോജ്, സി.പി മാത്യു, എം.കെ. പുരുഷോത്തമൻ,​ ജി. മുരളിധരൻ, എസ് ടി അഗസ്റ്റിൻ, പി എസ് ചന്ദ്രശേഖരപിള്ള, എം.പി. ജോസ്,​ വിജയകുമാർ മറ്റക്കര,​ ജാഫർഖാൻ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ഇന്നത്തെ ഭാരതം രൂപപ്പെടുത്തുന്നതിൽ കോൺഗ്രസ് വഹിച്ച പങ്ക് എന്ന വിഷയത്തിൽ പ്രമുഖ ചരിത്രകാരൻ വി.കെ.എൻ.പണിക്കരും വ്യക്തിത്വ വികസനത്തിൽ മോട്ടിവേഷൻ ട്രെയ്നർ ബ്രഹ്മനായകം മഹാദേവനും ക്ലാസുകൾ നയിച്ചു. രാഷ്ട്രീയ പ്രമേയം അഡ്വ. സേനാപതി വേണുവും സംഘടനാ പ്രമേയം ഷാജി പൈനാടത്തും കാർഷിക പ്രമേയം ജെയ്സൺ കെ. ആന്റണിയും വനിതാ പ്രമേയം ഇന്ദു സുധാകരനും തൊഴിൽ മേഖലാ പ്രതിസന്ധി സംബന്ധിച്ച പ്രമേയം അഡ്വ. സിറിയക് തോമസും അവതരിപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വൈകിട്ട് ക്യാമ്പിൽ പ്രസംഗിച്ചു.