രാജാക്കാട് : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ ദേവികുളം ലോക്ക്ഹാർട്ട് ഭാഗത്ത് രാത്രികാല ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. റെഡ്അലർട്ട് പിൻവലിയ്ക്കും വരെ വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെയാണ് നിയന്ത്രണം. നിരവധിയിടങ്ങളിൽ മലയിൽ നിന്ന് പാറക്കൂട്ടം ഇളകി താഴേയ്ക്ക് പതിയ്ക്കാനുള്ള സാദ്ധ്യത നിലനിൽക്കുന്നതിനാലാണ് നടപടി. കഴിഞ്ഞ ദിവസമുണ്ടായ മലയിടിച്ചിലിൽ ഒരു ബൈക്ക് തകർന്നിരുന്നു. യാത്രക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാതയുടെ വീതികൂട്ടൽ നടത്തുന്ന കരാറുകാരന്റെ സൂപ്പർവൈസർ ശക്തിവേലിന്റെ ബൈക്കാണ് തകർന്നത്. ജോലിക്കായി ബൈക്കിൽ പോകുന്നതിനിടെ ഗ്യാപ് റോഡിലെ നടുപ്പാറ ഭാഗത്ത് എത്തിയപ്പോൾ മുകൾഭാഗത്തുനിന്ന് മണ്ണും കല്ലും ഉരുണ്ടുവരികയായിരുന്നു. ഇതു കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഇദ്ദേഹം ഓടിരക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് ഒന്നരമണിക്കൂർ ദേശീയപാതയിൽ ഗതാഗതം നിലച്ചു.