തൊടുപുഴ: ഭർത്താവിന്റെയും ബന്ധുക്കളുടെയും നിരന്തര പീഡനത്തെ തുടർന്ന് തനിച്ച് താമസിക്കുന്ന യുവതിക്കും പെൺകുട്ടിയുൾപ്പെടെയുളള കുട്ടികൾക്കും പൊലീസ് സംരക്ഷണം നൽകാൻ വനിതാ കമ്മിഷൻ ഉത്തരവ്. വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫെൈൻ ഇക്കാര്യം ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് കത്തയച്ചു. ഭർത്താവിൽ നിന്നോ ബന്ധുക്കളിൽ നിന്നോ യാതൊരു ഭീഷണിയും ദ്രോഹവും ഇല്ലെന്ന് കട്ടപ്പന വനിതാ സെല്ലിലെ ഉദ്യോഗസ്ഥ ആഴ്ചയിൽ രണ്ട് ദിവസം യുവതിയുടെ വീട്ടിൽ പോയി അന്വേഷിച്ച് ഉറപ്പ് വരുത്തണം. എല്ലാ മാസവും പത്താം തീയതി വനിതാ കമ്മിഷനിൽ യുവതിയുടെ സാഹചര്യം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും അധ്യക്ഷ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കട്ടപ്പന സ്വദേശിയായ യുവതിയാണ് പരാതിക്കാരി. ഭർത്താവ് തന്റെ പത്ത് വയസുളള മകളെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. അശ്ലീല വീഡിയോകൾ കാണിച്ച് കുട്ടിയെ പീഡിപ്പിച്ചതിനെതിരെ പോക്‌സോ കേസുണ്ട്. ഒരിക്കൽ ഭർത്താവ് വായിൽ തുണി തിരുകി ക്രൂരമായി ബലാൽക്കാരം ചെയ്തു. പൊക്കിയെടുത്ത് തല നിലത്ത് ഇടിക്കുന്ന വിധം എറിഞ്ഞു. ഭർത്തൃസഹോദരനും ഭർത്താവിന്റെ സഹോദരിയുടെ മകനും ലൈംഗികമായി പീഡിപ്പിച്ചു. കമ്മിഷന്റെ ഇടുക്കി അദാലത്തിൽ പ്രതികളെ വിളിച്ചിട്ടും ഹാജരാവാത്ത സാഹചര്യത്തിലാണ് അദ്ധ്യക്ഷ എം.സി.ജോസഫെയ്ൻ കർശന നിർദ്ദേശം നൽകിയത്.