തൊടുപുഴ: പി.എസ്‌.സി നടത്തിയ പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ റാങ്ക് ലിസ്റ്റിലെ ക്രമക്കേടുകളെകുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. രാവിലെ 11.30ന് മങ്ങാട്ടുകവലയിൽ നിന്ന് ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷന്റെ പ്രധാന കവാടത്തിൽ പൊലീസ് തടഞ്ഞു. പ്രവർത്തകരിൽ ചിലർ മതിലു ചാടാനും ഗേറ്റ് തള്ളി തുറന്ന് അകത്ത് കടക്കാനും ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. തുടർന്നു മുതിർന്ന ലീഗ് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. ഉന്തിലും തള്ളിലും യൂത്ത്‌ലീഗ് പ്രവർത്തകരായ കെ.എം. നിഷാദ്, അൻസാരി മുണ്ടയ്ക്കൽ, നിസാമുദ്ദീൻ വടക്കുംമുറി എന്നിവർക്ക് പരിക്കേറ്റു. ഇവർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒരു സിവിൽ പൊലീസ് ഓഫീസർക്കും പരിക്കേറ്റു. ഗേറ്റിന് കേടുപാടു സംഭവിച്ചു. സംഭവത്തിൽ പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ. നവാസിന്റെ അധ്യക്ഷതയിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. സിയാദ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എം.എ. ഷുക്കൂർ, ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.എസ്. മുഹമ്മദ്, ജനറൽ സെക്രട്ടറി എ.എം. ഹാരിദ്, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി.എം. അൻസാർ, വി.എം. റസാഖ്, പി.എച്ച്. സുധീർ, അൻഷാദ് കുറ്റിയാനി, ടി.എം അഷ്‌റഫ്, പി.എൻ. സീതി, നിസാർ പഴേരി എന്നിവർ പ്രസംഗിച്ചു.