മറയൂർ: പത്ത് ദിവസത്തിനുള്ളിൽ ഒരു വായനശാല ഒരുങ്ങി, അതും അഞ്ചുനാടിന്റെ തനിമ ഉൾക്കൊണ്ട്തന്നെ.മറയൂർ മലനിരകളിലെ ചാനൽമേട് എന്ന ഗ്രാമത്തിലെ പരിസ്ഥിതി സൗഹൃദ വായനശാല ഒരുക്കിയത് ഫ്രാൻസിൽനിന്നുള്ള വിദ്യാർത്ഥിസംഘമാണ്.മറയൂരിന്റെ പരമ്പരാഗത രീതി പിൻതുടർന്ന് സിമന്റ്, കമ്പി തുടങ്ങിയവ ഉപേക്ഷിച്ച് ഇല്ലി, മരത്തടികൾ, മണ്ണ് എന്നിവ ഉപയോഗിച്ച് വായനശാല നിർമ്മിച്ചത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്കോ വെഞ്ചർ എന്ന സന്നദ്ധ സംഘടനായാണ് ഫ്രാൻസിൽ നിന്നുള്ള വിദ്യാർത്ഥികളെ മറയൂരിൽ എത്തിച്ചതും പത്ത് കിലോമീറ്റർ അകലയുള്ള ചാനൽമേട് എന്ന സ്ഥലം തെരഞ്ഞെടുത്തതും. മറയൂരിലെത്തിയഫ്രാൻസ് ബോഷ്വാ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് അപ്ലൈയ്ഡ് സയൻസിലെ പതിനെട്ടംഗസംഘം അഞ്ചുനാടൻ ഗ്രാമങ്ങളിൽ അഞ്ഞൂറ് വർഷം മുൻപുള്ള ഭവന നിർമ്മാണ രീതിയും പരമ്പരാഗത കൃഷിയും പ്രാദേശികമായതും മൺമറഞ്ഞു പോയതുമായ ഭക്ഷണ രീതിയും സംഘം പഠനവിധേയമാക്കിയിരുന്നു. ഷെൽഫിൽ വിവിധ വിഷയങ്ങളിലെ 180 പുസ്തകങ്ങളും ആദ്യഘട്ടമായി എത്തിച്ചു. സമീപത്തുള്ള ചാനൽമേട് എസ് സി കോളനിയിൽ നൂറിലധികം കുടുംബങ്ങളാണുള്ളത് ഇവിടുത്തെ കുട്ടികൾക്ക് വായനയിലേക്ക് ആകർഷിക്കുന്നതിനായി നിരവധി പരിസ്ഥിതി സൗഹൃദമായ കളിപ്പാട്ടങ്ങളും എത്തിച്ചിട്ടുണ്ട് . ദിവസങ്ങൾക്കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ വായന ശാലയുടെ ഉദ്ഘാടനം മറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ആരോഗ്യ ദാസ് നിർവഹിച്ചു. വായന ശാല ഒരുക്കുന്നതിനായി ജോഹിൻ തെറ്റയിലും സംഘവും പാട്ടത്തിനെടുത്ത ഭൂമിയാണ് നിലവിൽ ഫ്രാൻസിൽ നിന്നുള്ള വിദ്യാർത്ഥി സംഘത്തിന് വിട്ടുനൽകിയത്. വായനശാലയിൽ എത്തുന്ന ഗ്രാമവാസികൾക്ക് സൗജന്യമായി പുസ്തകങ്ങൾ വായിക്കുകയും വിനോദങ്ങളിലും ഏർപ്പെടാം
ഉദ്ഘാടന ചടങ്ങിൽ എത്തിയവർക്ക് പ്ലാസ്റ്റിക്ക് വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി ഫ്രാൻസിൽ നിന്നും തുണിസഞ്ചികൾ നൽകി. ചടങ്ങിൽ എക്കോ വെഞ്ചർ പ്രതിനിധികളായ പ്രവീൺ മുരളീധരൻ, വിനോദ് വട്ടക്കാട്, വിനു വി നായർ ഫ്രാൻസ് സംഘത്തിന്റെ പ്രതിനിധി എലുഡിക്‌മോൻഡ്, എന്നിവർ പങ്കെടുത്തു. മറയൂരിലെ ശർക്കര നിർമ്മാണം, ആദിവാസി കൃഷി എന്നിവടങ്ങൾ സന്ദർശന ശേഷം ഇന്ന് മറയൂരിൽ നിന്നും മടങ്ങും.